നവംബര്‍ 14 ശിശുദിനമായത് ഇങ്ങനെ

November 14, 2018

ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം നവംബര്‍ 20 ആണ് ആഗോളതലത്തില്‍ ശിശുദിനമായി കൊണ്ടാടുന്നത്. എന്നാല്‍ ഇന്ത്യക്കാരായ നമുക്ക് ഇന്ന്, നവംബര്‍ പതിനാല് ആണ് ശിശുദിനം. ചാച്ചാജി എന്ന് സ്‌നേഹത്തോടെ കുട്ടികള്‍ വിളിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് ഭാരതത്തില്‍ ശിശുദിനമായി കൊണ്ടാടുന്നത്.

കുട്ടികളോട് വളരെയധികം അടുപ്പം സൂക്ഷിച്ചിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം തന്നെയാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കാന്‍ ഇന്ത്യയ്ക്ക് പ്രേരണയായതും. ‘ഇന്നത്തെ ശിശുക്കളാണ് നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കുന്നത്’ എന്ന് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അത്രമേല്‍ വലുതായിരുന്നു കുട്ടികളെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്‌നങ്ങളും.

കുട്ടികളുടെ ഭാവിയെക്കുറിച്ചും ഏറെ കരുതലുണ്ടായിരുന്ന വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടികളുടെ വിദ്യാഭ്യാസത്തിനും സമഗ്ര പുരോഗതിക്കുമായി നിരവധി പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി നിരവധി സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും ഉയര്‍ന്ന വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നതിലും അദ്ദേഹം സദാ തല്‍പരനായിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണത്തിനു ശേഷം 1964 മുതലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. ഈ ദിനം സ്‌കൂളുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും പതിവാണ്.