കുഞ്ഞു സ്വപ്നങ്ങൾക്ക് ചിറക് മുളക്കട്ടെ- വീണ്ടുമൊരു ശിശുദിനം

November 14, 2022

കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിനുമുള്ള പ്രാധാന്യം സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കാനുള്ള ദിനമാണ് ശിശുദിനം. കുട്ടികൾക്ക് മാത്രമല്ല, ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള ശൈശവത്തിനും ആഘോഷമാണ് ഈ ദിനം. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14നാണ് ശിശുദിനമായി ആചരിക്കുന്നത്.

കുട്ടികളുടെ കരുത്തിൽ വിശ്വസിച്ചിരുന്ന നെഹ്‌റു 1889 നവംബർ 14നാണ് ജനിച്ചത്.കുട്ടികളോടുള്ള സ്നേഹം കൊണ്ടാണ് അദ്ദേഹം ചാച്ചാജി എന്ന ഓമനപ്പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. തൊപ്പിയും നീണ്ട ജുബ്ബയും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള നെഹ്റു കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് എന്നും ആഗ്രഹിച്ചത്.

ഓരോ നവംബർ പതിനാലിനും ചാച്ചാജിയായി ദേശിയ പതാകയുമേന്തി നിരത്തുകളിൽ നിറയുന്ന കുരുന്നുകൾ സന്തോഷം പകരുന്ന കാഴ്ചയാണ്. ഇടവേളയ്ക്ക് ശേഷം ഓരോ ആഘോഷങ്ങളും ആരവമാകുന്ന വേളയിൽ ശിശുദിനവും കുഞ്ഞുങ്ങളുടെ സപ്നങ്ങൾക്ക് നിറപ്പകിട്ടേകും.

ഒന്നരവർഷത്തോളം നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ വിദ്യാലയങ്ങളിലേക്ക് കുട്ടികൾ മടങ്ങിയെത്തിയിട്ട് രണ്ടാം വർഷമാകുകയാണ്. ശിശുദിനം ആഘോഷങ്ങളുടേത് മാത്രമല്ല, കരുതലിന്റേതാണ്. അകന്നിരിക്കുമ്പോഴും ഹൃദയത്തിൽ വളർത്തിയെടുക്കേണ്ട മൂല്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ ശിശുദിനം കടന്നുപോകുന്നത്.

രാജ്യത്തിൻ്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടാറുണ്ട്. വിവിധ സ്ഥാപനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും. കുരുന്ന് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

Read Also: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട്

പോയ വർഷങ്ങളിൽ നഷ്‌ടമായ ആഘോഷങ്ങൾ ഭയമില്ലാതെ, പതിവിലും കരുത്തോടെ സൗഹാർദത്തിന്റെയും ഒരുമയുടെയും ദിനമായി ആചരിക്കാൻ എന്നും സാധിക്കട്ടെ. എല്ലാ കുരുന്നുകൾക്കും, മനസിൽ ബാല്യം സൂക്ഷിക്കുന്നവർക്കും ശിശുദിനാശംസകൾ.

Story highlights- childrens day 2022