‘ജോജു മലയാളത്തിന്റെ മക്കള്‍ സെല്വന്’; ജോസഫിനെക്കുറിച്ച് സംവിധായകന് അജയ് വാസുദേവ്
ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ജോസഫ്’. മികച്ച പ്രതികരണത്തോടെയാണ് ചിത്രം തീയറ്ററുകളില്‍ മുന്നേറുന്നത്. ചിത്രത്തിലെ ജോജുവിന്റെ അഭിനയത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അജയ് വാസുദേവ്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അജയ് വാസുദേവ്. ഫെയ്സ്ബുക്കിലാണ് ജോസഫ് എന്ന സിനിമയെക്കുറിച്ച് അജയ് വാസുദേവ് പങ്കുവെച്ചത്. ജോജു മലയാളത്തിന്റെ മക്കള്‍ സെല്വന് എന്നാണ് അജയ് വാസുദേവ് കുറിച്ചത്.
ടൈറ്റില്‍ റോളിലെത്തുന്ന ജോജുവിന്റെ മേക്ക് ഓവറും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. പുതിയ ലുക്കില്‍ എത്തുന്ന ജോജുവിന്റെ രൂപം സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.
Read more: ജോസഫിലെ സ്നേഹഗാനത്തിന് ആരാധകര്‍ ഏറെ; വീഡിയോ കാണാം
സൗബിന് സാഹിര്‍, ദിലീഷ് പോത്തന്, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അജയ് വാസുദേവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കുറച്ചു വൈകി ആണെങ്കിലും ജോസഫ് എന്ന സിനിമ കണ്ടു. ഈ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.
എം. പത്മകുമാർ എന്ന “സംവിധായകന്റെ ” സിനിമ ആണിത്. ഈ സിനിമയിൽ ഭാഗം ആയിട്ടുള്ള എല്ലാ നടീ നടന്മാരുടെയും ടെക്നീഷ്യൻമാരുടെയും ഏറ്റവും മികച്ച പ്രകടനങ്ങൾ നമുക്ക് തരുന്നതിൽ പത്മകുമാർ വിജയിച്ചിരിക്കുന്നു.
” ജോറാണ് ജോസഫ് ” എന്ന പരസ്യ വാചകം പോലെ ജോജു ജോർജ് ബഹു ജോറാണ്.ജോജു ജോസഫ് ആയി ജീവിക്കുകയാണ്. ജോജു വിനോട് ശെരിക്കും ബഹുമാനം തോന്നി പോയി. ജോജുവിന്റെ അഭിനയം കണ്ടപ്പോൾ ശെരിക്കും മനസിൽ തോന്നിയ ഒരു കാര്യം മലയാളത്തിന്റെ ” മക്കൾ സെൽവൻ ” ആണ് ജോജു എന്നാണ്.
കാണാത്തവർ ഈ സിനിമ കുടുംബ സമേതം തിയേറ്ററിൽ തന്നെ പോയി കാണുക