സംവിധാന രംഗത്തേക്ക് ചുവടുവെച്ച് ഐ വി ശശിയുടെ മകൻ; നായകനായി പ്രണവ് മോഹൻലാൽ

November 13, 2018

നവാഗതനായ അനി ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്നു. ഐ വി ശശിയുടെ മകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം അടുത്ത വർഷം ആദ്യത്തോടുകൂടി തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെ നായക വേഷത്തിലെത്തിയ പ്രണവ് മലയാളികളുടെ മനസ്സിൽ ഇടം നേടിയിരുന്നു. അതേസമയം വിക്രം കുമാർ സംവിധാനം ചെയ്ത ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച കല്യാണിയുടെ ആദ്യ മലയാള സിനിമയായിരിക്കും ഇത്.

പ്രിയദർശൻ ചിത്രമായ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ പ്രിയദർശനൊപ്പം തിരക്കഥ സഹായിയായാണ് അനി ശശിയുടെ മലയാള സിനിമയിലേക്കുള്ള തുടക്കം. ചിത്രത്തിന്റെ തിരക്കഥ തയാറാകുന്നതും അനി ശശി തന്നെയാണ്. അതേസമയം  ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് തീരുമാനമായിട്ടില്ല.

മലയാളത്തിന്ഐ നിരവധി മികച്ച സിനിമകൾ സമ്മാനിച്ച ഐ വി ശശി എന്ന അതുല്യ പ്രതിഭയുടെ മകൻ സിനിമ സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുമ്പോൾ സ്‌ക്രീനിൽ എന്ത് അത്ഭുതമാണ് ഉണ്ടാകുക എന്ന കാത്തിരിപ്പിലാണ് സിനിമ ലോകം.