ഓടിത്തുടങ്ങാന്‍ ഒരുങ്ങി ‘ഓട്ടര്‍ഷ’; ട്രെയിലര്‍ കാണാം

November 14, 2018

അനുശ്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഓട്ടര്‍ഷ’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ‘നവംബര്‍ 23 മുതല്‍ ഓട്ടര്‍ഷയുമായി നമ്മളെ കൂട്ടുവാന്‍ അവള്‍ വരുന്നു… നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ ‘സുധി’യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്’ എന്ന കുറിപ്പോടെയാണ് ട്രെയിലര്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

പ്രണയവും ആക്ഷന്‍ രംഗങ്ങളും തമാശയുമെല്ലാം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കുറേയേറെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട ഇവരുടെ അനുഭവങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് അനുശ്രീ ‘ഓട്ടര്‍ഷ’യില്‍ എത്തുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

അനുശ്രീയ്ക്ക് പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എല്‍ ജെ ഫിലിംസിന്റെ ബാനറിലാണ് ‘ഓട്ടര്‍ഷ’ റിലീസ് ചെയ്യുന്നത്.