കോഴിക്കോടിൻറെ ഗായകൻ ബാബുഭായ് സിനിമയിൽ പാടുന്നു…
കോഴിക്കോട് നഗരത്തിന്റെ ചരിത്രത്തേക്കാള്‍ പഴക്കമുണ്ട് ബാബുഭായിയുടെ സംഗീതത്തിന്. ഡോലക്ക് കൊട്ടി മുഹമ്മദ് റാഫിയുടെയും കിഷോര്‍ കുമാറിന്റെയുമൊക്കെ പാട്ട് പാടുമ്പോള്‍ സ്വയം മറന്ന് താളം പിടിക്കാറുണ്ട് പലരും.
കോഴിക്കോടിന്റെ സ്വന്തം തെരുവ് ഗായകൻ ബാബുഭായ് ആദ്യമായി സിനിമയിൽ പാടുന്നു. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ‘മിഠായിത്തെരുവി’ലാണ് ബാബുഭായി ഗായകനാകുന്നത്. പാട്ടിന്റെ റെക്കോർഡിംഗ് കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്നു.
പൊട്ടിപ്പൊളിഞ്ഞുപോയ ഹര്‍മോണിയത്തില്‍ തഴമ്പിച്ച തന്റെ വിരലുകള്‍കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ബാബുഭായിയുടെ ഭാര്യ ലതയും മകള്‍ കൗസല്യയുമൊക്കെ നിത്യസംഗീതത്തിന്റെ അനശ്വര പ്രതീകങ്ങള്‍ തന്നെയാണ്. അനേകം വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തില്‍ നിന്നും കേരളത്തിലെത്തിയ ഗായകുടുംബത്തിന്റെ വേരുകളാണ് ബാബുഭായിയുടേതും.
കാലാന്തരങ്ങള്‍ക്കപ്പുറം സംഗീതം നിലനില്ക്കുന്നു എന്ന തിരിച്ചറിവ് മാത്രം മതി ബാബുഭായിയുടെ സംഗീതത്തിന്റെ ആഴം മനസിലാക്കാന്‍. ബാബുഭായിയെയും കുടുംബത്തെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരികരിച്ചിരുന്നു.
പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. ബാബുഭായിയും കുടുംബവും ഇനിയും പാടട്ടെ. ഇവരുടെ ഈ ജീവസംഗീതം പാട്ടുകളെ എന്നും താലോലിക്കുന്ന കല്ലായിപ്പുഴയുടെ തീരങ്ങളില്‍ അലയടിക്കട്ടെ. തെരുവുഗായകര് എന്ന വിളിപ്പേരോടെ ഇവരെ മാറ്റിനിര്ത്തുന്നവര് ഒരു കാലത്ത് സ്നേഹഗായകര്‍ എന്ന് ഇവരെ തിരിച്ചുവിളിക്കാതിരിക്കില്ല.