ചികിത്സയ്ക്കൊപ്പം സംഗീതവും പകർന്ന് ഒരു മാലാഖ…
ചികിത്സയ്ക്കൊപ്പം പാട്ടും മരുന്നായി നൽകി ഒരു ആശുപത്രിയിലെ മാലാഖ …സംഗീതത്തെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല. പാട്ടിന് ഒരു കഴിവുണ്ട് ഏതൊരു മനുഷ്യനെയും അലിയിപ്പിക്കാനുള്ള കഴിവ്. മനോഹരമായ സംഗീതത്തിൽ സ്വയം മറന്നിരിക്കാത്തവരായി ലോകത്ത് ആരുമില്ല. അത്രമേൽ ആർദ്രമാണ് സംഗീതം. അത്തരത്തിൽ ആശുപത്രിയിൽ രോഗികൾക്ക് മരുന്നിനൊപ്പം സംഗീതവും നൽകുന്നൊരു ആശുപത്രിയുണ്ട്. ഇവിടെയൊന്നുമല്ല അങ്ങ് അമേരിക്കയിലാണെന്ന് മാത്രം.
ഈ ആശുപത്രിയിൽ കഴിഞ്ഞ പതിനാല് വര്ഷങ്ങളായി രോഗികൾക്ക് വേണ്ടി പാട്ടു പാടുന്ന ഒരു മാലാഖയുണ്ട്. ബ്രെൻഡ ബൂസ്ട്ര എന്ന ഒരു നേഴ്സ്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഇഷ്ടപെട്ട പാട്ടാണ് ബ്രെൻഡ പാടിക്കൊടുക്കാറുള്ളത്. വർഷങ്ങളായി ബ്രെൻഡ രോഗികൾക്കായി പാട്ടുപാടി നൽകാറുണ്ടായിരുന്നെങ്കിലും വളരെ കുറച്ച് കാലങ്ങൾ മാത്രമേ ആയുള്ളൂ ഇവരുടെ ഈ പാട്ട് അധികൃതർ ശ്രദ്ധിച്ച് തുടങ്ങിയിട്ട്.
രോഗികളുടെ ശരീരത്തിനുള്ള മരുന്നുകൾ ഇവിടെ നൽകാറുണ്ട്. പക്ഷേ അസുഖം പൂർണ്ണമായും പരിഹരിക്കാൻ ഇവർക്കു ശരീരത്തിന് മാത്രം പോരാ ചികിത്സ, മനസിനും ആവശ്യമാണ് എന്ന തിരിച്ചറിവാണ് ബ്രെൻഡയെ ഇത്തരത്തിൽ പാട്ടുപാടുന്നതിനായി പ്രേരിപ്പിച്ചത്. ബ്രെൻഡയുടെ ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണയുമായി ഇപ്പോൾ ആശുപത്രി അധികൃതരും ഒപ്പമുണ്ട്. ആശുപത്രിയിലെ രോഗികൾ മാറി മാറി വരുന്നുണ്ട്.. എന്നാൽ ബ്രെൻഡ ഇപ്പോഴും അവർക്ക് വേണ്ടി പാടിക്കൊണ്ടിരിക്കുകയാണ്….