അമ്മയുടെയും കുഞ്ഞിന്റെയും സ്‌നേഹത്തിന്റെ ആഴം പറഞ്ഞ് നവ്യാ നായരുടെ നൃത്താവിഷ്‌കാരം; വീഡിയോ കാണാം

November 13, 2018

ആരാധകര്‍ക്കിടയില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ് നടി നവ്യാ നായര്‍. കാലില്‍ ചിലങ്കയണിഞ്ഞ് മനോഹരഭാവങ്ങളില്‍ നൃത്തം ചെയ്യുന്ന താരത്തേയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിന്നം ചിറുകിളിയെ എന്ന നൃത്താവിഷ്‌കാരത്തിന്റെ ട്രെയിലറാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നതും.

ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴമാണ് നൃത്താവിഷ്‌കാരത്തിന്റെ പ്രമേയം. വര്‍ത്തമാനകാലത്തെ സാഹചര്യങ്ങളോട് ചോര്‍ത്തുവെച്ചുകൊണ്ട് നൃത്തത്തിന്റെ ആവിഷ്‌കരണം. മനോഹരമായ ഭരതനാട്യത്തിലൂടെയാണ് കുഞ്ഞിനോടുള്ള ഒരു അമ്മയുടെ കരുതലും കുഞ്ഞ് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദനയുമെല്ലാം നവ്യാ നായര്‍ അവതരിപ്പിക്കുന്നത്. പകരംവെയ്ക്കാനില്ലാത്ത മാതൃസ്‌നേഹത്തിന്റെ ഒരു ഉണര്‍ത്തുപാട്ടുകൂടിയാണ് ഈ നൃത്താവിഷ്‌കാരം.

ഓട്ടിസം മേഖലയുടെ പുരോഗതി ലക്ഷ്യംവെച്ചുകൊണ്ടുള്ള സ്‌പെക്ട്രം എന്ന പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരിക്കും ഈ നൃത്താവിഷ്‌കാരം പ്രകാശനം ചെയ്യുക. നവംബര്‍ 15-ാം തീയതിയാണ് സ്‌പെക്ട്രത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം.