കുട്ടിആരാധകനോട് വിശേഷങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ താരങ്ങള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

November 1, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് തങ്ങളെ കാണാനെത്തിയ കുട്ടിആരാധകനോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ധോണിയുടെയും കോഹ്‌ലിയുടെയും വീഡിയോ. തിരുവനന്തപുരം റാവിസ് റിസോര്‍ട്ടിന്റെ അങ്കണമാണ് ഈ മഹനീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്.

നിരവധിപേരാണ് കേരളത്തിലെത്തിയ ഇന്ത്യന്‍ താരങ്ങളെ ഒരു നോക്കു കാണാനെത്തിയത്. തനിക്ക് പ്രീയപ്പെട്ട താരങ്ങളെ കാണാന്‍ ലൈജു എന്ന കുട്ടി ആരാധകനും എത്തി. ആരാധകനെ കണ്ട ധോണി അടുത്തെത്തി കൈകൊടുത്തു. ഒപ്പം വിശേഷങ്ങള്‍ പങ്കുവെച്ചു. കുഞ്ഞാരാധകനൊപ്പം ഫോട്ടോയും എടുത്ത ശേഷമാണ് ധോണി മടങ്ങിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും കുഞ്ഞാരധകനോട് കുശലം പറഞ്ഞു, തലയില്‍ തലോടി. ഫോട്ടോയും എടുത്തു, ഓട്ടോഗ്രാഫും നല്‍കി. എന്തായാലും നവമാധ്യമങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസതാരങ്ങളും കുഞ്ഞാരാധകനും.

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഞ്ച് മത്സരങ്ങള്‍ നീണ്ടു നിന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ചേര്‍ന്നാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്.

തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് 105 റണ്‍സായിരുന്നു വിജയ ലക്ഷ്യം. നാല് സിക്‌സും അഞ്ച് ഫോറുമായി രോഹിത് ശര്‍മ്മ 63 റണ്‍സ് അടിച്ചെടുത്തു. ആറ് ഫോറടക്കം 29 പന്തില്‍ നിന്നും 33 റണ്‍സ് കോഹ്‌ലിയും നേടി.