വെള്ളിത്തിരയില്‍ അനുഷ്‌ക തിളങ്ങി; അഭിനന്ദിച്ച് വിരാട് കോഹ്‌ലി

September 29, 2018

‘സൂയി ധാഗ’ എന്ന ചിത്രത്തിലെ അനുഷ്‌കാ ശര്‍മ്മയുടെ അഭിനയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവുമായ വിരാട് കോഹ്‌ലി. അനുഷ്‌കയുടെ അഭിനയം തന്റെ ഹൃദയം കവര്‍ന്നെന്നാണ് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയിലെ കൈത്തുന്നല്‍ തൊഴിലാളികളുടെ ജീവിതമാണ് ‘സൂയി ധാഗ’ എന്ന ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ മധ്യവയസ്‌കയായ ഒരു ഗ്രാമീണ സ്ത്രീയായിട്ടാണ് അനുഷ്‌ക ശര്‍മ്മ വേഷമിടുന്നത്. ശരത് കതാരിയ ആണ് ചിത്രത്തിന്റെ സംവിധാനം. വരുണ്‍ ധവാനാണ് ‘സൂയി ധാഗ’ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരുണ്‍ ധവാന്റെ അഭിനയം ഏറെ മികച്ചതാണെന്നും വിരാട് കുറിച്ചു.


ഈ മാസം 27നാണ് ചിത്രം തീയറ്ററുകളിലെത്തിയത്. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പേ സൂയി ധാഗ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനു വേണ്ടി തികച്ചും വിത്യസ്തമായൊരു പ്രൊമോഷനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ഇതിനായി സൂചിയില്‍ നൂല്‍ കോര്‍ക്കുന്ന ഒരു ചലഞ്ചും സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ചലഞ്ചിന്റെ ഭാഗമായത്.

ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരുണ്‍ ധവാന്‍ തന്നെയാണ് സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ചുമായി ആദ്യം രംഗത്തെത്തിയത്. അക്ഷയ് കുമാറും ഷാരൂഖ് ഖാനും ജാന്‍വി കപൂറുമെല്ലാം സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ച് ഏറ്റെടുത്തിരുന്നു.