കോലിയെ സാക്ഷിയാക്കി ബാറ്റിങ് വിസ്‌ഫോടനം തീർത്ത് വിൽ ജാക്‌സ്; ആർസിബിക്ക് മിന്നും ജയം

April 28, 2024

ഐ.പി.എല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ​ഗുജറാത്ത് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ബെം​ഗളൂരു നാല് ഓവർ ബാക്കിയാക്കി ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. അർധ സെഞ്ച്വറിയുമായി തിളങ്ങിയ കോലിയെ സാക്ഷിയാക്കി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത വിൽ ജാക്സാണ് ആർസിബിക്ക് അനായാസം ജയം സമ്മാനിച്ചത്. ( Gujarat Titans vs Royal Challengers IPL 2024 result )

ലോകോത്തര സ്പിന്നർ റാഷിദ് ഖാൻ 16-ാം ഓവർ എറിയാനെത്തിയപ്പോൾ ക്രീസിലുണ്ടായിരുന്ന വിൽ ജാക്സ് നേടിയിരുന്നത് 72 റൺസ് മാത്രം. ആദ്യ പന്തിൽ സിം​ഗിളെടുത്ത കോലി വിൽ ജാക്സിന് സ്ട്രൈക്ക് കൈമാറി. പിന്നീടുള്ള അഞ്ച് പന്തിൽ നാല് സിക്സറുൾപ്പെടെ 29 റൺസാണ് താരം നേടിയത്. ഇന്നിങ്സിലെ അവസാന ആറ് ഓവറിൽ ബെം​ഗളൂരു നേടിയത് 108 റൺസ്. അതിൽ തന്നെ റാഷിദും മോഹിത് ശർമയും എറിഞ്ഞ അവസാന രണ്ട് ഓവറിൽ മാത്രം പിറന്നത് 58 റൺസ്.

201 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബെം​ഗളൂരുവിന് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 12 പന്തിൽ 24 റൺസെടുത്താണ് താരം പുറത്തായത്. 41 പന്തിൽ 10 സിക്സും അഞ്ചു ഫോറും ഉൾപ്പെടെയാണ് വിൽ ജാക്സ് നൂറ് റൺസ് നേടിയത്. 44 പന്തിൽ മൂന്ന് സിക്സും ആറു ഫോറും ഉൾപ്പെടെ 70 റൺസാണ് കോലിയുടെ സംഭാവന. റൺവേട്ടയിൽ മുന്നിലുള്ള വിരാട് കോലി ഇന്നത്തെ ഇന്നിങ്സോടെ ഈ ഐ.പി.എല്ലിൽ 500 റൺസ് പൂർത്തിയാക്കി.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ​ഗുജറാത്തിനായി സായ് സുദർശനും ഷാരൂഖ് ഖാനും അർധ സെഞ്ച്വറി നേടി. ഇതോടെയാണ് ​ഗുജറാത്ത് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസെടുത്തത്.

ഹോം മാച്ചിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും (5) നായകൻ ശുഭ്മാൻ ഗില്ലും (16) നിരാശപ്പെടുത്തിയെങ്കിലും തുടർന്നെത്തിയ സായ്സുദർശനും ഷാറൂഖ്ഖാനും ചേർന്ന് ഗംഭീര ചെറുത്തുനിൽപ്പാണ് നടത്തിയത്. സ്വപ്നിൽ സിങ് എറിഞ്ഞ ആദ്യ ഓവറിന്റെ അവസാന പന്തിലാണ് സാഹ പുറത്തായത്. ​ഗ്ലെൻ മാക്സ്വെൽ എറിഞ്ഞ ഏഴാം ഓവറിൽ കാമറൂൺ ​ഗ്രീനിന് ക്യാച്ച് നൽകിയാണ് ​ഗിൽ മടങ്ങിയത്.

Read Also : തകർത്തടിച്ച് സായ് സുദർശനും ഷാരൂഖ് ഖാനും; ബെംഗളരൂവിന് 201 റൺസ് വിജയലക്ഷ്യം

പിന്നീട് ക്രീസിലെത്തിയ ഷാരുഖ് ഖാൻ അടിച്ചുതകർത്തു. 30 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 58 റൺസെടുത്ത ഷാറൂഖിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. 49 പന്തിൽ നാല് സിക്സും എട്ട് ഫോറും ഉൾപ്പെടെ 84 റൺസെടുത്ത സായി സുദർശനും 19 പന്തിൽ 26 റൺസെടുത്ത് ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു. സ്വപ്നിൽ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഒരോ വിക്കറ്റ് നേടി.

Story highlights : Gujarat Titans vs Royal Challengers IPL 2024 result