വാമികയ്ക്ക് കൂട്ടായി അകായ് എത്തി; കോലിക്കും അനുഷ്കയ്ക്കും ആൺകുഞ്ഞ് പിറന്നു

February 21, 2024

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. ഈ മാസം 15-നാണ് കുഞ്ഞ് പിറന്നതെങ്കിലും ഇന്നലെയാണ് വിരാട് – അനുഷ്ക ദമ്പതികൾ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കോലി തന്നെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വിവരം അറിയിച്ചത്. അകായ് എന്നാണ് കുഞ്ഞിൻ്റെ പേരെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കോലി തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു. ( Kohli and Anushka Sharma welcome their second child )

‘ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരൻ പിറന്ന കാര്യം അതിയായ സന്തോഷത്തോടെയും ഹൃദയം തുളുമ്പുന്ന സ്നേഹത്തോടെയും ഞങ്ങൾ അറിയിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ നിമിഷത്തിൽ നിങ്ങളുടെ ആശംസകളും ആശീർവാദവും ഉണ്ടാകണം. ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കണമെന്നും വിനയത്തോടെ അഭ്യർഥിക്കുന്നു. എല്ലാവരോടും സ്നേഹവും നന്ദിയും.’ – വിരാട് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കുടുംബപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് കോലി അവധിയെടുത്തിരുന്നു. ആദ്യം രണ്ട് ടെസ്റ്റുകളിൽ നിന്ന് മാറിനിന്ന കോലി പിന്നീട് പരമ്പരയിൽ നിന്ന് തന്നെ പിന്മാറുകയായിരുന്നു.

Read Also : ബ്ലാസ്റ്റേഴ്സ് താരങ്ങളെ കണ്ടു, സംസാരിച്ചു, ഒപ്പം പന്ത് തട്ടി; വണ്ടർ കിഡ് യാസീന് സ്വപ്നസാഫല്യം..!

2017ലാണ് വിരാട് കോലിയും അനുഷ്ക ശർമയും വിവാഹിതരായത്. 2021 ജനുവരി ഒന്നിന് കോലി – അനുഷ്ക ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. മൂത്ത പെൺകുഞ്ഞിന് ഇരുവരും വാമിക എന്നാണ് പേരു നൽകിയത്. മൂത്ത കുഞ്ഞിന്റെ മൂന്നാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ കുഞ്ഞിന്റെ ജനനം.

Story highlights : Kohli and Anushka Sharma welcome their second child