സഞ്ജു ഇടം പിടിക്കുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ടി-20 ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. മെയ് ഒന്നാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിക്കാനുള്ള അവസാന ദിവസം. ഇതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പ് ടീമില്‍ ആരെല്ലാം ഇടംപിടിക്കും ആരൊക്കെ പുറത്താകും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്. ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന് കമ്മിറ്റി യോഗം ഇന്ന് അഹമ്മദാബാദില്‍ ചേരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ( India’s T20 World Cup selection meeting today )
സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ സ്ഥാനമുറപ്പിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഹമ്മദാബാദില്‍ ചേരുന്ന സെലക്ഷന് കമ്മറ്റി യോഗത്തില്‍ നറുക്കു വീഴുന്ന ബാക്കി പത്ത് പേര് ആരൊക്കെയാകും എന്നതാണ് ആരാധകരും ക്രിക്കറ്റ് ലോകവും ഒരുപോലെ കാത്തിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു വി സാംസണ് സ്ഥാനം പിടിക്കുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുകയാണ്.
യശസ്വി ജയ്സ്വാള്‍ ഓപ്പണറുടെ സ്ഥാനം പിടിച്ചാല്‍ ശുഭ്മാന്‍ ഗില്‍ റിസര്‍വ് താരങ്ങളുടെ കൂട്ടത്തിലാകും. വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലാണ് സെലക്ടര്‍മാര്‍ക്ക് തലവേദന. മലയാളി താരം സഞ്ജു സാംസണ് ഒന്നാം വിക്കറ്റ് കീപ്പര്‍ ആകുമെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും റിഷഭ് പന്തിനോടാണ് ടീം മാനേജ്മെന്റിന് താല്പര്യം. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റന്‍ ആക്കാനും ആലോചനയുണ്ട്. അഞ്ചു മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ തന്നെ വേണമെന്ന് രോഹിത് ശര്‍മ ആവശ്യപ്പെട്ടത് സഞ്ജുവിന് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക. അതോടൊപ്പം തന്നെ വിദേശ പിച്ചുകളിലെ മത്സര പരിചയം കണക്കിലെടുത്ത് സഞ്ജുവിന് പകരം കെ.എല്‍ രാഹുലിനെ പരിഗണിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.
ജിതേഷ് ശര്‍മ, ദ്രുവ് ജുറല്‍, ഐപിഎല്ലിന്റെ ആദ്യപാദത്തില്‍ അടിച്ചു തകര്‍ത്ത വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക് എന്നീ പേരുകളും സെലക്ഷന് കമ്മിറ്റിയുടെ മുന്നിലുണ്ട്. ഫിനിഷറുടെ റോളിലേക്ക് റിങ്കു സിംങ്ങും ഇടം ഉറപ്പിക്കാന്‍ ആണ് സാധ്യത.
ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തിലും അന്തിമ തീരുമാനത്തിലെത്തിയിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറ്റിങ്ങില്‍ സ്ഥിരതയില്ലായ്മയും ബോളിങ്ങിലെ മോശം ഫോമും സെലക്ടര്‍മാരെ അങ്കലാപ്പിലാക്കുന്നത്. ഇതോടെ താരത്തിന് പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിങ്സിനായി മിന്നും ഫോമില്‍ കളിക്കുന്ന ശിവം ദുബെയാണ് പരിഗണിക്കുന്നത്. ചെന്നൈയുടെ മത്സരങ്ങളിലെല്ലാം ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിനെത്തുന്ന ദുബെ ഇതുവരെ പന്തെറിഞ്ഞിട്ടില്ല എന്നതും സെലക്ടര്‍മാര്‍ക്ക് വെല്ലുവിളിയാണ്.
ജസ്പ്രിത് ബുംറയ്ക്ക് കൂട്ടായി മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിംഗ് എന്നിവര്‍ തന്നെ പേസ് നിരയില്‍ എത്താനാണ് സാധ്യത. രണ്ടാം സ്പിന്നറായി രവി ബിഷ്ണോയിയോ ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍ എന്നിവരില്‍ ഒരാള്‍ എത്തിയേക്കും. ഇവര്‍ക്കെല്ലാം പുറമെ ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും താരം സര്‍പ്രൈസ് എന്‍ട്രിയുമായി ഞെട്ടിക്കുമോ എന്ന കാത്തിരുന്ന് കാണാം.
Story highlights : India’s T20 World Cup selection meeting today