സഞ്ജു സാംസൺ ടീമിൽ; ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

April 30, 2024

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോമാണ് തുണയായത്. ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന റിങ്കു സിംഗ് റിസര്‍വ് പട്ടികയിലാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തും ടീമില്‍ ഇടം പിടിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ( Indian squad for T20 world cup announced )

മലയാളി ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് സഞ്ജുവിനെ ടീമിലേക്ക് തെരഞ്ഞെടുത്തത്. ഐപിഎല്ലില്‍ സീസണില്‍ രാജസ്ഥാനായി നടത്തിയ പ്രകടനം താരത്തിന് ഗുണം ചെയ്തുവെന്ന് പറയാം. ഋഷഭ് പന്ത് ടീമിലുള്‍പ്പെട്ടതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പറായിട്ട് പരിഗണിക്കാനാകും സാധ്യത. അതുകൊണ്ടുതന്നെ താരത്തിന് ബാറ്റിങ്ങില്‍ എത്രത്തോളം അവസരം ലഭിക്കുമെന്നത് സംശയകരമാണ്.

യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവരും ടീമില്‍ ഇടം നേടി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. റിങ്കു സിംഗിനൊപ്പം ശുഭ്മന്‍ ഗില്‍, ഖലീല്‍ അഹ്‌മദ്, ആവേശ് ഖാന്‍ എന്നിവരാണ് റിസര്‍വ് പട്ടികയിലുള്ളത്.

ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാള്‍- രോഹിത് ശര്‍മ എന്നിവര്‍ എത്തുന്നതോടെയാണ് ഗില്ലിനെ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് മാറ്റുന്നത്. വിരാട് കോലി മൂന്നാം നമ്പറിലാവും കളിക്കുക. സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങനെയാവും മറ്റ് ബാറ്റര്‍മാര്‍.

Read Also : സഞ്ജു ഇടം പിടിക്കുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്; രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് താരങ്ങള്‍; ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹ്‌മദ്, ആവേശ് ഖാന്‍.

Story highlights : Indian squad for T20 world cup announced