കുഞ്ഞ് ആരാധികയോട് കുശലം ചോദിച്ച് ധോണി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
കായികലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ധോണി. ആരാധകരോട് തിരിച്ചും സ്നേഹം പ്രകടിപ്പിക്കാറുണ്ട് താരം. ഇപ്പോഴിതാ ഒരു കുഞ്ഞാരാധികയോടുള്ള ധോണിയുടെ സ്നേഹപ്രകടനത്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്.
കാറിലിരുന്നുകൊണ്ടാണ് കുഞ്ഞ് ആരാധികയോട് ധോണി കുശലം പറയുന്നത്. ഏറെ നേരത്തെ സംസാരത്തിനുശേഷം ഒരു ഷെയ്ഖ്ഹാന്ഡും നല്‍കിയാണ് ആരാധികയെ ധോണി മടക്കി അയച്ചത്. ധോണി ഫാന്‍സിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ എവിടെനിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്തെത്തിയ ധോണി ഒരു കുഞ്ഞ് ആരാധകനോട് കുശലം പറഞ്ഞതിന്റെ വീഡിയോയും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തിരുവനന്തപുരം റാവിസ് റിസോര്‍ട്ടിന്റെ അങ്കണമാണ് ഈ മഹനീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്.
നിരവധിപേരാണ് കേരളത്തിലെത്തിയ ഇന്ത്യന്‍ താരങ്ങളെ ഒരു നോക്കു കാണാനെത്തിയത്. തനിക്ക് പ്രീയപ്പെട്ട താരങ്ങളെ കാണാന്‍ ലൈജു എന്ന കുട്ടി ആരാധകനും എത്തി. ആരാധകനെ കണ്ട ധോണി അടുത്തെത്തി കൈകൊടുത്തു. ഒപ്പം വിശേഷങ്ങള്‍ പങ്കുവെച്ചു. കുഞ്ഞാരാധകനൊപ്പം ഫോട്ടോയും എടുത്ത ശേഷമാണ് ധോണി മടങ്ങിയത്.
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും കുഞ്ഞാരധകനോട് കുശലം പറഞ്ഞു, തലയില്‍ തലോടി. ഫോട്ടോയും എടുത്തു, ഓട്ടോഗ്രാഫും നല്കി. എന്തായാലും നവമാധ്യമങ്ങളിലും ഇടം പിടിക്കാറുണ്ട് ആരാധകരോടുള്ള ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റം.






