‘ആകാശത്ത് നക്ഷത്രങ്ങൾക്കൊപ്പം ഒരു സുഖനിദ്ര…’ കാണാം മനോഹരമായൊരു വീട്
ആകാശത്ത് നക്ഷത്രങ്ങൾക്കൊപ്പം ഒരു സുഖനിദ്ര.. എത്ര മനോഹരമാവുമല്ലേ അങ്ങനെ സംഭവിച്ചാൽ…എന്നാൽ ആകാശത്തെ നക്ഷത്രങ്ങൾക്കൊപ്പം ഉറങ്ങുന്നതുപോലൊരു അനുഭവം നൽകുന്ന ഒരു വീടാണ് ഇപ്പോൾ അത്ഭുതമായിരിക്കുന്നത്.
മനോഹരമായ ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്… നമ്മുടെ വീട് എന്നും മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാവണമെന്നുതന്നെയാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. അത്തരത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകാണ് ഒരു വീട്. അതൊരു സാധാരണ വീടല്ല. ഒരു ചില്ലു വീട്..
സ്പെയിനിലെ ഗൊറാഫേ എന്ന മരുഭൂമിയിലാണ് ചുറ്റും ഗ്ലാസ് കൊണ്ട് മറച്ച ഈ മനോഹര വീട് നിര്‍മ്മിച്ചിരിക്കുന്നത്. OFIS എന്ന ആര്‍ക്കിടെക്റ്റ് ഗ്രൂപ്പും ഗാര്ഡിയന് ഗ്ലാസും സംയുക്തമായി തയ്യാറാക്കിയതാണ് ഈ അത്ഭുത വീട്.
വീട്ടിൽ കിടന്നുകൊണ്ടുതന്നെ ആകാശവും നക്ഷത്രവുമൊക്കെ കാണാൻ കഴിയുക എന്നത് വളരെ മനോഹരമായ ഒരു അനുഭവമാണ്. മരുഭൂമിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട്ടിൽ കിടക്കുമ്പോൾ ആകാശത്ത് കിടക്കുന്ന പോലൊരു അനുഭവമാണെന്നും ആർകിടെക്കായ സ്പെല്ല പറയുന്നു.
പ്രകൃതിക്ക് ഒരു രീതിയിലും ഹാനികരമാകാത്ത രീതിയിലാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് അനുയോജ്യമായ രീതിയിലാണ് ഈ മനോഹര വീട്. ചൂടും തണുപ്പും ഒരുപോലെതന്നെയാണ് ഈ വീട്ടിനകത്ത് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ എയർ കണ്ടീഷണറോ ഫാനോ കൂളറോ ഹീറ്ററോ ഒന്നും ആവശ്യമില്ല ഈ വീടിനത്ത്. വീടിന്റെ ജനാലകൾ തുറന്നാൽ മനോഹരമായ കാറ്റിനൊപ്പം പ്രകൃതിയുടെ സൗന്ദര്യവും ആവോളം ആസ്വദിക്കാം.
മനോഹരമായ ഈ ചില്ലു വീടിന്റെ ചിത്രങ്ങൾ കാണാം…