അഭിനയ രംഗത്ത് അരങ്ങേറ്റത്തിനൊരുങ്ങി ഗോകുലം ഗോപാലന്‍; ആദ്യ ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ വേഷം

November 26, 2018

ചലച്ചിത്ര നിര്‍മ്മാണ രംഗത്തും വിതരണരംഗത്തുമെല്ലാം ശ്രദ്ധേയനായ ഗോകുലം ഗോപാലന്‍ അഭിനയ രംഗത്തേയ്ക്കും ചുവടുവെയ്ക്കുന്നു. ‘നേതാജി’ എന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലന്‍ വെള്ളിത്തിരയിലെത്തുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

‘നേതാജി’ എന്ന ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ വേഷത്തിലെത്തുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടകള്‍.

വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും വിജീഷ് മണി തന്നെയാണ്. ‘വിശ്വഗുരു’ എന്ന ചിത്രത്തിലൂടെ ഏറ്റവും വേഗത്തില്‍ സിനിമ പൂര്‍ത്തീകരിച്ച് റിലീസ് ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള സംവിധായകനാണ് വിജീഷ് മണി. അതുകൊണ്ടുതന്നെ ‘നേതാജി’ എന്ന ചിത്രത്തിലും ആരാധകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. മികച്ച ടെക്‌നീഷ്യന്‍മാരും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.