മിണ്ടാപ്രാണികൾക്ക് സഹായവുമായി ഒരു ചെറുപ്പക്കാരൻ; കയ്യടിച്ച് സോഷ്യൽ മീഡിയ
അപകടങ്ങൾ നേരിട്ട് കണ്ടാൽ പോലും തിരിഞ്ഞ് നോക്കാതെ പോകുന്ന ഒരു ജനതയുടെ ഇടയിൽ നിന്നും അപകടങ്ങൾ പറ്റുന്ന മിണ്ടാപ്രാണികൾക്ക് ആശ്വാസമായി എത്തുകയാണ് ഒരു ചെറുപ്പക്കാരൻ. മൃഗ സ്നേഹികളായ ഒരുപാട് ആളുകളെക്കുറിച്ച് നേരത്തെ കേട്ടിട്ടുണ്ടെങ്കിലും ഇത്രയധികം മൃഗ സ്നേഹിയായ ഒരാളെ കാണുന്നത് ഇതാദ്യമാണ്. അപകടങ്ങൾ സംഭവിച്ച മൃഗങ്ങൾക്ക് കൃത്രിമക്കാലുകൾ വച്ച് നൽകി അവയെ നോക്കുകയാണ് ഈ ചെറുപ്പക്കാരൻ.
തുർക്കി സ്വദേശിയായ ഹസ്സൻ എന്ന ചെറുപ്പക്കാരനാണ് മുന്നൂറിലധികം മൃഗങ്ങൾക്ക് കൃത്രിമക്കാലുകൾ വച്ചുനൽകി അവയെ പരിപാലിക്കുന്നത്. തനിക്ക് പണ്ട് മുതലേ മൃഗങ്ങളോട് വലിയ സ്നേഹമായിരുന്നെന്നും, തന്റെ വീട്ടിൽ ഒരുപാട് വളർത്തു മൃഗങ്ങൾ ഉണ്ടായിരുന്നെന്നും ഹസ്സൻ പറഞ്ഞു. ഒരിക്കൽ അപകടം പറ്റി ഒരു പൂച്ച ചത്തതോടെയാണ് പാവം മിണ്ടാപ്രാണികളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്തയുമായി ഹസ്സൻ രംഗത്തെത്തിയത്.
അപകടങ്ങൾ സംഭവിക്കുന്ന ഈ പാവങ്ങളെ എങ്ങനെ രക്ഷിക്കുമെന്ന ചിന്തകൾക്കൊടുവിലാണ് എന്തുകൊണ്ട് ഇവയ്ക്ക് കൃത്രിമക്കാലുകളും വാക്കറുകളും ഉണ്ടാക്കികൊടുത്തുകൂടാ എന്ന ചിന്ത ഉണ്ടായത്. പിന്നീട് ഇതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. ആദ്യം പി വി സി പൈപ്പുകൾ വച്ചായിരുന്നു വാക്കറുകൾ ഉണ്ടാക്കികൊണ്ടിരുന്നത്. പിന്നീട് ഹസന്റെ ഈ മൃഗ സ്നേഹത്തെക്കുറിച്ചറിഞ്ഞെത്തിയ ഒരു ഷോപ്പിംഗ് സെന്ററുകാർ ഹസ്സന് അവരുടെ സ്ഥാപനത്തിൽ ജോലി നൽകുകയായിരുന്നു. കഴിഞ്ഞ ഒരു വർഷകാലയളവിനുള്ളിൽ ഏകദേശം 300 കണക്കിന് മൃഗങ്ങൾക്കാണ് ഹസൻ കൃതൃമ കാൽ വച്ച് നൽകിയത്.
സോഷ്യൽ മീഡിയ വഴി ഹസ്സന്റെ ഈ പ്രവർത്തികളെക്കുറിച്ചറിഞ്ഞ് ദിവസേന നിരവധി ആളുകളാണ് സഹായമന്വേഷിച്ച് എത്തുന്നത്. തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്കായി കൃത്രിമക്കാലുകളും വാക്കറുകളുമൊക്കെ വാങ്ങാനാണ് ആളുകൾ എത്തുന്നത്. തികച്ചും സൗജന്യമായാണ് ഹസ്സൻ മൃഗങ്ങൾക്കായി ഈ സഹായങ്ങൾ ചെയ്തുകൊടുക്കുന്നത്.