ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ അഭിമാന നേട്ടവുമായി മലയാള സിനിമ

November 28, 2018

49-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ അഭിമാന നേട്ടം കൊയ്ത് മലയാള സിനിമ. മികച്ച നടനും മികച്ച സംവിധായകനുമുള്ള രണ്ട് പുരസ്‌കാരങ്ങളാണ് മലയാളസിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള രജത മയൂര പുരസ്‌കാരവും സ്വന്തമാക്കി. ഇത് ആദ്യമായാണ് മലയാള സിനിമയ്ക്ക് ഒന്നിലധികം പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതും.

കഴിഞ്ഞ വര്‍ഷത്തെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് പാര്‍വ്വതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സെര്‍ജി ലോസ്‌നിറ്റ്‌സ് സംവിധാനം ചെയ്ത ഡോണ്‍ ബാസിന്‍ എന്ന റക്ഷ്യന്‍ ചിത്രമാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരം നേടിയത്.

68 രാജ്യങ്ങളില്‍ നിന്നുമായി 212 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ മാറ്റുരച്ചത്.