‘രാക്ഷസനിലെ വെറുക്കപ്പെട്ട അധ്യാപകൻ’ ; ആ കഥാപാത്രത്തെ താൻ ചോദിച്ച് വാങ്ങിയത്…

November 22, 2018

തെന്നിന്ത്യയിൽ കോളിളക്കം സൃഷ്‌ടിച്ച സിനിമയായിരുന്നു രാം കുമാർ സംവിധാനം ചെയ്ത ‘രാക്ഷസൻ’. ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച  രാക്ഷസനിലെ കഥാപാത്രങ്ങളെല്ലാം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. അത്തരത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് ക്രിസ്റ്റഫർ.

ഒരു പ്രത്യേക ചടങ്ങ് തന്നെ സംഘടിപ്പിച്ചുകൊണ്ടാണ് ‘രാക്ഷസന്‍’ ടീം ക്രിസ്റ്റഫര്‍ എന്ന വില്ലന്റെ യഥാര്‍ത്ഥ മുഖം പ്രേക്ഷകര്‍ക്ക് വെളിപ്പെടുത്തിയത്. ശരവണന്‍ എന്ന നടനാണ് വെള്ളിത്തിരയില്‍ വില്ലന്‍ ക്രിസ്റ്റഫറിനെ അവിസ്മരണീയമാക്കിയത്. തമിഴകത്ത് ചെറിയ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന താരമായിരുന്നു ശരവണന്‍.

ക്രിസ്റ്റഫറിനെ പോലെത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ് ചിത്രത്തിലെ  അധ്യാപകനും. മലയാളിയായ ഇമ്പരാജാണ് അധ്യാപകനായി ചിത്രത്തിൽ വേഷമിട്ടത്. അച്ഛനും അമ്മയും മലയാളികളാണെങ്കിലും തമിഴ്‌നാട്ടിൽ താമസമുറപ്പിച്ച ഇമ്പരാജിന് മലയാളം നന്നായി സംസാരിക്കാൻ അറിയാം.

ചിത്രത്തിലെ അധ്യാപകനായി വേഷമിട്ട ഇമ്പരാജിന്റെ കഥാപാത്രവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സിനിമ കണ്ടിറങ്ങിയ ആളുകളിൽ അദ്ദേഹത്തോട് ദേഷ്യം തോന്നി എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ഇമ്പരാജ് ഏറ്റെടുത്തത്. ഈ കഥാപാത്രത്തെ താൻ സംവിധായകനോട് ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ കഥാപാത്രം തന്നെ ഏൽപ്പിക്കാൻ സംവിധായകന് അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നില്ലെന്നും, മറ്റ് ഉപാധികളില്ലാതെ വന്നതോടെയാണ് അദ്ദേഹം തനിക്ക് ഈ കഥാപാത്രത്തെ തന്നതെന്നും ഇമ്പരാജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

റാം കുമാറാണ് രാക്ഷസന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിഷ്ണു വിശാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അമലാ പോള്‍, രാധാ രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്.