വിജയമാവര്‍ത്തിക്കാന്‍ പെണ്‍പട ഇന്ന് പാകിസ്ഥാനെതിരെ

November 11, 2018

വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ പെണ്‍പട ഇന്ന് പോരാട്ടത്തിനിറങ്ങും. പാകിസ്ഥാനാണ് എതിരാളികള്‍. ഓഫ് സ്പിന്നര്‍മാരായ ദീപ്തി ശര്‍മ, ദയാലന്‍ ഹേമലത, ലെഗ് സ്പിന്നര്‍ പൂനം യാദവ് എന്നിവരുടെ ബൗളിങ്ങില്‍ ആരാധകര്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. ട്വന്റി20 വേള്‍ഡ്കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം കണ്ടിരുന്നു. ഈ വിജയപ്രതീക്ഷയിലാണ് ഇന്ത്യയുടെ പെണ്‍പട ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്.

ന്യൂസ്ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ 34 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഇന്ത്യ കരുത്തോടെ മുന്നേറി. 51 പന്തുകളില്‍ നിന്നുമായി 103 റണ്‍സ് അടിച്ചെടത്താണ് ഹര്‍മന്‍പ്രീത് ആരാധകരെ അത്ഭുതപ്പെടുത്തിയത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ 194 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസ്ലന്‍ഡിന് തുടക്കം മുതല്‍ക്കെ പാളിച്ചകളായിരുന്നു. ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങില്‍ ന്യൂസ്ലന്‍ഡ് തോല്‍വി സമ്മതിച്ചു. ഇന്ത്യയ്ക്കായി ഹേമലതയും പൂനം യാദവും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.

ഏഴ് ഫോറും എട്ട് സിക്‌സും അടക്കമാണ് ഹര്‍മന്‍പ്രീത് സെഞ്ചുറി നേടിയത്. വനിതാ ട്വന്റി20യില്‍ ആദ്യമായി സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ ഹര്‍മന്‍പ്രീത് സ്വന്തമാക്കി. മത്സരത്തില്‍ വുമണ്‍ ഓഫ് ദ് മാച്ചും ഹര്‍മന്‍ തന്നെയാണ്.