ആദ്യം ഏറിഞ്ഞ് വീഴ്ത്തി; പിന്നാലെ അടിച്ചെടുത്തു: പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഞ്ച് മത്സരങ്ങള്‍ നീണ്ടു നിന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ചേര്‍ന്നാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്.
തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് 105 റണ്‍സായിരുന്നു വിജയ ലക്ഷ്യം. നാല് സിക്സും അഞ്ച് ഫോറുമായി രോഹിത് ശര്‍മ്മ 63 റണ്‍സ് അടിച്ചെടുത്തു. ആറ് ഫോറടക്കം 29 പന്തില്‍ നിന്നും 33 റണ്‍സ് കോഹ്ലിയും നേടി.
ബൗളിങില്‍ മിന്നും പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കുല്‍ദീപും ഭുവനേശ്വറും ഓരോ വിക്കറ്റു വീതവും എറിഞ്ഞു വീഴ്ത്തി.
വെസ്റ്റ് ഇന്‍ഡീസ് നായകന് ജെയ്സണ്‍ ഫോള്‍ഡര്‍ മാത്രമാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. 25 റണ്‍സാണ് ജെയ്സണ്‍ ഫോള്‍ഡര്‍ വിന്‍ഡീസിനായി അടിച്ചെടുത്തത്.
വിന്‍ഡീസിലെ ബാറ്റിങ് തകര്‍ച്ച ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതീക്ഷപകര്ന്നിരുന്നു. ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെ മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആറ് റണ്‍സ് അടിച്ചെടുത്ത ധവാനെ തോമസ് പുറത്താക്കി.