സിഎംഎസ് കോളേജിന്റെ വരാന്തയില്‍ ‘ക്ലാസ്‌മേറ്റ്‌സി’ലെ ഗാനം വീണ്ടും ആലപിച്ച് ഇന്ദ്രജിത്ത്; വീഡിയോ കാണാം

November 5, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് ഗാനം ആലപിക്കുന്നതിന്റെ വീഡിയോ. കലാലയ വിദ്യാര്‍ത്ഥികള്‍ നെഞ്ചിലേറ്റിയ ‘ക്ലാസ്‌മേറ്റ്‌സ്’ എന്ന ചിത്രത്തിലെ ‘കാറ്റാടി തണലും…’ എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ദ്രജിത്ത് ആലപിച്ചത്. അതും ചിത്രത്തില്‍ നിറഞ്ഞു നിന്ന സിംഎംഎസ് കോളേജില്‍വെച്ചുതന്നെ.

‘താക്കോല്‍’ എന്ന സിനിമയുടെ ചിത്രീകരണ ഭാഗമായാണ് ഇന്ദ്രജിത്ത് സിഎംഎസ് കോളേജിലെത്തിയത്. കോളേജിലെ ഒരു പരിപാടിയില്‍ മുഖ്യ അതിഥിയായി പങ്കെടുത്തപ്പോഴാണ് താരം പാട്ട് പാടിയത്. ഇന്ദ്രജിത്തിനൊപ്പം കോളേജിലെ വിദ്യാര്‍ത്ഥികളും ഗാനം ഏറ്റുപാടി.

2006 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ക്ലാസ്‌മേറ്റ്‌സ്’. ലാല്‍ ജോസാണ് സംവിധായകന്‍. മികച്ച നിലവാരത്തിലുള്ള കൈമാക്‌സ് കൊണ്ടുതന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. ഇന്ദ്രജിത്തും പൃഥിരാജും ഒരുമിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ‘ക്ലാസ്‌മേറ്റസ്’. എന്തായാലും ‘ക്ലാസ്‌മേറ്റ്‌സ്’ എന്ന സിനിമ ചിത്രീകരിച്ച അതേ കോളേജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദ്രജിത്ത് ആലപിച്ച ഗാനം വീണ്ടും ശ്രദ്ധേയമാവുകയാണ്.