‘ഉറുമി’ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും സന്തോഷ് ശിവ; ‘ജാക്ക് ആന്റ് ജില്ലി’ന്റെ ചിത്രീകരണ വിശേഷങ്ങൾ അറിയാം…
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘ഉറുമി’ക്ക് ശേഷം മലയാളത്തിൽ പുതിയ ചിത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സന്തോഷ് ശിവൻ. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവൻ തന്നെ സംവിധാനവും ക്യാമറയും നിർവഹിക്കുന്ന ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു.
ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുക മഞ്ജു വാര്യറും കാളീദാസ് ജയറാമും ആയിരിക്കും. സൗബിൻ സാഹീർ, നെടുമുടി വേണു, അജു വർഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിരകൾ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. കേരളത്തിലും ലണ്ടനിലുമായി ചിത്രീകരണം നടത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ആരംഭിച്ചു. ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്ന ചിത്രം സന്തോഷ് ശിവൻ മഞ്ജു വാര്യർ കൂട്ടുകെട്ടിൽ വിരിയുന്ന ആദ്യ ചിത്രം കൂടിയാണ്.
സന്തോഷ് ശിവൻ ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ‘ഉറുമി’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ലോകം മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോൾ വിദേശ ചിത്രങ്ങളുടെ തിരക്കിലായിരിക്കുന്ന സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യാനിരിക്കുന്ന കുഞ്ഞാലിമരയ്ക്കാറിന് മുൻപ് ഈ ചിത്രം ചെയ്തു തീർക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നത്.
ദുബൈ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്സ്മാന് സ്റ്റുഡിയോസിന്റെ കൂടി സഹകരണത്തോടെയാണ് ജാക്ക് ആന്റ് ജില് ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമയുടെ അണിയറയില്‍ വിദേശത്ത് നിന്നുമുള്ള സാങ്കേതിക വിദഗ്ദര്‍ കൂടി അണിനിരക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. 2013ല്‍ റിലീസ് ചെയ്ത ഇണം എന്ന ചിത്രമാണ് സന്തോഷ് ശിവന് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.
Venu Chetan and Aju varghese, Indrans an d Soubin and a lot of exciting cast to follow?
— SantoshSivanASC. ISC (@santoshsivan) October 28, 2018