മാര്‍ഗ്ഗംകളിപ്പാട്ടിന്റെ ഓര്‍മ്മയില്‍ ജോസഫിലെ പുതിയ ഗാനം; വീഡിയോ കാണാം

November 13, 2018

ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ജോസഫ്’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. മാര്‍ഗംകളിപ്പാട്ടിന്റെ അകമ്പടിയോടുകൂടിയുള്ളതാണ് പുതിയ ഗാനം. കരിനീലക്കണ്ണുള്ള പെണ്ണ് എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് യൂട്യൂബില്‍ റീലീസ് ചെയ്തത്.

കാര്‍ത്തിക്, അഖില ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ബി കെ ഹരിനാരായന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ടൈറ്റില്‍ റോളിലെത്തുന്ന ജോജുവിന്റെ മേക്ക് ഓവറും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. പുതിയ ലുക്കില്‍ എത്തുന്ന ജോജുവിന്റെ രൂപം സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ചിത്രത്തിന്റെ റിലീസിങ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രം നവംബര്‍ 16 ന് തിയറ്ററുകളിലെത്തും. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ജോസഫ്‘ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.

സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.