കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ ഇടംനേടി ദയാബായിയുടെ ‘കാന്തന്‍’

November 6, 2018

ഒരു ജനതയുടെ മുഴുവന്‍ പോരാട്ട സ്വരമായ ദയാബായി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘കാന്തന്‍’. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്ക് ‘കാന്തന്‍’ എന്ന സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ദളിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

ഷെറീഫ് ഈസയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണവും ഷെറീഫ് ഈസ തന്നെയാണ്. വയനാട് ജില്ലയിലെ തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയാ വിഭാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇത്ത്യാമ എന്ന കഥാപാത്രമായി ദയാബായി ചിത്രത്തിലെത്തുന്നു.

ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട പത്ത് വയസുകാരനാണ് കാന്തന്‍. ഇത്ത്യാമയാണ് ഇവനെ വളര്‍ത്തുന്നത്. കറുപ്പിനോടുള്ള അവന്റെ അപകര്‍ഷതയും മറ്റ് നിറങ്ങളോടുള്ള അവന്റെ പ്രണയവും ഇത്ത്യാമ തിരിച്ചറിയുന്നു. തുടര്‍ന്ന് പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ അവനെ പ്രാപ്തനാക്കുന്നു. ഇതാണ് ചിത്രം പറയുന്നത്.

മാസ്റ്റര്‍ പ്രജിത്താണ് ചിത്രത്തില്‍ കാന്തനായി വേഷമിടുന്നത്. പ്രമാദ് കൂവേരിയാണ് കാന്തന്റ രചന. അടിയാ വിഭാഗത്തില്‍പ്പെട്ട ആദിവാസികളും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആദിവാസി വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും.