ധോണിക്കും കൊഹ്‌ലിക്കും ഇന്ന് നിർണ്ണായക ദിവസം; ഇരുതാരങ്ങളെയും കാത്തിരിക്കുന്നത് അപൂർവ റെക്കോർഡുകൾ

November 1, 2018

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളായ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയേയും ക്യാപ്റ്റൻ വീരാട് കൊഹ്‍ലിയെയും ഇന്ന് കാത്തിരിക്കുന്നത് അപൂർവ റെക്കോർഡുകൾ…

ഏകദിനഫോര്‍മാറ്റില്‍ പതിനായിരം റണ്‍സ് തികച്ചെന്ന റെക്കോര്‍ഡ് നേടാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ഇതോടെ പതിനായിരം റണ്‍സ് എന്ന ക്ലബ്ബിലേക്ക് ഒരു ഇന്ത്യക്കാരന്‍ കൂടി വരുകയാണ്. പതിനായിരം തികയ്ക്കാന്‍ ധോണിക്ക് വേണ്ടത് ഒരു റണ്‍സാണ്. ഒരു റണ്‍സ് കണ്ടെത്തിയാല്‍ പതിനായിരം ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാവാനും ലോകക്രിക്കറ്റില്‍ പതിമൂന്നാമനാവാനും ധോണിക്കാവും.

അതേസമയം ഇന്നത്തെ കളിയിൽ മറ്റൊരു റെക്കോർഡ് കാത്തിരിക്കുകയാണ് ഇന്ത്യൻ നായകൻ വീരാട് കൊഹ്‌ലി. ഇത് വെറും റെക്കോർഡല്ല ഭാഗ്യത്തിന്റെ റെക്കോര്‍ഡാണ്. ഇന്ത്യയില്‍ ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന ഒരു പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ടോസ് നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കൊഹ്‌ലിയെ ഇന്ന് കാര്യവട്ടത്ത് കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും താരത്തിനാണ് ടോസ് ലഭിച്ചത്.

തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  ആരാധകർ കാത്തിരിക്കുന്ന മത്സരം  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന്  ആരംഭിക്കും. പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരമായതിനാല്‍ തലസ്ഥാന നഗരം ക്രിക്കറ്റ് ആവേശത്തിലമര്‍ന്നു കഴിഞ്ഞു.