ലൊക്കേഷനില്‍ കുസൃതിക്കാരനായി കുഞ്ചാക്കോ ബോബന്‍: വീഡിയോ കാണാം

November 9, 2018

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. തട്ടിൻപുറത്ത് അച്ചുതൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ താരം ഒപ്പിക്കുന്ന കുസൃതിത്തരങ്ങളാണ് വീഡിയോയിൽ ഉള്ളത്. നാലു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം വിശ്രമിക്കുന്ന പ്രൊഡക്ഷൻ ബോയ്ക്ക് പണികൊടുക്കാൻ ശ്രമിക്കുന്ന ചാക്കോച്ചനെയാണ് വീഡിയോയിൽ കാണിക്കുന്നത്.

കുളക്കരയിൽ ഇരുന്ന് ഉറങ്ങുന്ന പ്രൊഡക്ഷൻ ബോയിയെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ചാക്കോ ബോബനെയും പണി പാളി തിരിച്ചുവരുന്ന താരത്തിന്റെ റിയാക്ഷനുമൊക്കെയാണ് ആരാധകർ ആഘോഷമാക്കിയ വീഡിയോയിൽ ഉള്ളത്. കുളത്തിലേക്ക് കല്ലെറിഞ്ഞ് പ്രൊഡക്ഷൻ ബോയിയെ ഉണർത്താൻ നോക്കിയെങ്കിലും കക്ഷി ഉണർന്നില്ല. ശബ്ദം കേട്ട് തിരിഞ്ഞു കിടന്നുറങ്ങുകയാണ് ബോയി ചെയ്തത്.

അവസാനം പരാജയം സമ്മതിച്ച ചാക്കോച്ചൻ അയാളുടെ അരികിൽ ചെന്ന് നന്നായി ഉറങ്ങിക്കോയെന്നും ആശംസിച്ചാണ് തിരിച്ചുവരുന്നത്. സോഷ്യൽ മീഡിയിൽ പങ്കുവെച്ച വീഡിയോയ്ക്ക് ഇതിനോടകം നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്.

നിരവധി സൂപ്പർ ഹിറ്റുകൾക്ക് ശേഷം ലാൽജോസ് കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘തട്ടിൻപുറത്ത് അച്ചുതൻ’.  ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാൽജോസ് വീണ്ടും സംവിധാനത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. ലാൽജോസ് കുഞ്ചാക്കോ കൂട്ടുകെട്ടിലെ സിനിമകളായ ‘എൽസമ്മ എന്ന ആൺകുട്ടിക്കും’ പുള്ളിപുലിക്കും തിരക്കഥ ഒരുക്കിയ എം സിദ്ധുരാജ് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ തയാറാക്കിയിരിക്കുന്നത്.

ചിത്രം ക്രിസ്തുമസിന് തിയേറ്ററിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണ് ഇതെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. അതേസമയം  കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയ ‘ജോണി ജോണി എസ് അപ്പ’, ‘മാംഗല്യം തന്തുനാനേനാ’  എന്നീ ചിത്രങ്ങലക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.