പുതിയ ലുക്കിൽ ലാൽ; ചിത്രീകരണം പൂർത്തിയാക്കി ‘പെങ്ങളില’

November 11, 2018

എട്ട് വയസുള്ള രാധ എന്ന പെൺകുട്ടിയും അവളുടെ വീട് വൃത്തിയാക്കാൻ എത്തുന്ന 65 വയസുകാരനായ അഴകൻ എന്ന പണിക്കാരനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ‘പെങ്ങളില’. ടി വി ചന്ദ്രൻ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി.

കുടുംബ ബന്ധങ്ങളുടെ  കഥ പറയുന്ന ചിത്രത്തിൽ അഴകൻ എന്ന വീട്ടുജോലിക്കാരന്റെ വേഷത്തിലാണ് ലാൽ എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ടിവി ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽ പൂർത്തിയായി.

ചിത്രത്തിൽ ലാലിനു പുറമെ നരേന്‍, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

അന്തരിച്ച കവി എ അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ് പെങ്ങളില എന്ന ടൈറ്റില്‍. അഴകന്റെ  ജീവിത പശ്ചാത്തലത്തിലൂടെ കേരളത്തിലെ ഭൂമിയുടെ രാഷ്ട്രീയവും ജാതി രാഷ്ട്രീയവും പെങ്ങളിലയില്‍ പരോക്ഷമായി പറയുന്നുണ്ടെന്നും സംവിധായാകൻ ടി വി ചന്ദ്രൻ പറഞ്ഞു.