ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ച് ‘മിഡ്‌നൈറ്റ് റണ്‍’; ചിത്രം നാളെ പ്രദർശനത്തിന്

November 22, 2018

ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഐഎഫ്എഫ്‌ഐ)യില്‍ ഇത്തവണത്തെ ഇന്ത്യന്‍ പനോരമയില്‍ ഒരു ഹ്രസ്വചിത്രവും ഇടംപിടിച്ചിട്ടുണ്ട്. രമ്യ രാജ് സംവിധാനം ചെയ്ത മിഡ്‌നൈറ്റ് റണ്‍.

ഒരു രാത്രി തൊഴിലിടത്തില്‍ നിന്നും മടങ്ങുന്ന ആണ്‍കുട്ടിയും അപരിചിതനായ ഒരു ലോറി ഡ്രൈവറുമാണ് 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിലെ ലോറി ഡ്രൈവറായി വേഷമിടുന്നത് ദിലീഷ് പോത്തനും കുട്ടിയെ അവതരിപ്പിക്കുന്നത് ചേതന്‍ ജയലാലുമാണ്. സംഭാഷണത്തെക്കാള്‍ രണ്ട് കഥാപാത്രങ്ങളുടെ പ്രകടനങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നേറുന്നത്.

ജൂലൈ അവസാനം തിരുവനന്തപുരത്ത് നടന്ന അന്തര്‍ദേശീയ ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശനമാരംഭിച്ച ചിത്രം തെരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമത്തെ അന്തര്‍ദേശീയ മേളയാണ് ഐഎഫ്എഫ്‌ഐ.

അതേസമയം ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം മലയാള ചിത്രമായ ‘ഓള്’ ആയിരുന്നു.. ഷാജി എന്‍ കരുണാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളാണ് മേളയിൽ പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ മൂന്ന് ചിത്രങ്ങളാണ് മലയാളത്തില്‍ ഉള്ളത്. ഷൈനി ജേക്കബ് ബഞ്ചമിന്റെ ‘സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി’, രമ്യാ രാജിന്റെ ‘മിഡ്‌നൈറ്റ് റണ്‍’, വിനോദ് മങ്കരയുടെ ‘ലാസ്യം’ എന്നിവയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മലയാള ചിത്രങ്ങള്‍. 26 ഫീച്ചര്‍ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 49-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 20 മുതല്‍ 28 വരെയാണ്.