രോഹിത് ശർമ്മയുടെ റെക്കോർഡും പഴങ്കഥയാക്കി മിതാലി രാജ്

November 13, 2018

ഇന്ത്യന്‍ ക്രിക്കറ്റർ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് മറികടന്ന് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ്. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ് രോഹിതിനെ പിന്തള്ളി മിതാലി മുന്നിലെത്തിയത്.

വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയോടെയാണ് മിതാലിയുടെ ചരിത്രനേട്ടം. 47 പന്തില്‍ 56 റണ്‍സ് അടിച്ചെടുത്തത്തോടെ 84 മത്സരങ്ങളില്‍ നിന്നായി താരം  സമ്പാദിച്ച് കൂട്ടിയ റൺസ്  2,232 ആണ്.

അതേസമയം രോഹിത് ശര്‍മ്മയുടെ അക്കൗണ്ടില്‍ 87 മത്സരങ്ങളില്‍ 2,207 റണ്‍സാണുള്ളത്. 62 മത്സരങ്ങളില്‍ നിന്ന് 2,102 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയാണ് മൂന്നാം സ്ഥാനത്ത്. വിന്‍ഡീസിനെതിരായ പരമ്പരയിലാണ് കോലിയെ പിന്തള്ളി രോഹിത് ഒന്നാം സ്ഥാനത്തെത്തിയിരുന്നത്.

കഴിഞ്ഞ ദിവസത്തെ മിതാലിയുടെ വെടിക്കെട്ടില്‍ പാക്കിസ്ഥാനെ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. അര്‍ദ്ധ സെഞ്ചുറിയോടെ മത്സരത്തിലെ താരമാകാനും മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റനായി. ഏകദിനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന പദവിയും മിതാലിക്കാണ്.