സ്‌നേഹത്തിന്റെ ആഴം പറഞ്ഞ് നവ്യാനായരുടെ നൃത്തം; വീഡിയോ കാണാം

November 16, 2018

ആരാധകര്‍ക്കിടയില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ് നടി നവ്യാ നായര്‍. കാലില്‍ ചിലങ്കയണിഞ്ഞ് മനോഹരഭാവങ്ങളില്‍ നൃത്തം ചെയ്യുന്ന താരത്തേയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് നവ്യാനായരുടെ നൃത്തം. ‘ചിന്നഞ്ചിറുകിളിയെ’ എന്ന നൃത്താവിഷ്‌കാരത്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്.

ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴമാണ് നൃത്താവിഷ്‌കാരത്തിന്റെ പ്രമേയം. വര്‍ത്തമാനകാലത്തെ സാഹചര്യങ്ങളോട് ചോര്‍ത്തുവെച്ചുകൊണ്ടാണ് നൃത്തത്തിന്റെ ആവിഷ്‌കരണം. മനോഹരമായ ഭരതനാട്യത്തിലൂടെയാണ് കുഞ്ഞിനോടുള്ള ഒരു അമ്മയുടെ കരുതലും കുഞ്ഞ് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദനയുമെല്ലാം നവ്യാ നായര്‍ അവതരിപ്പിക്കുന്നത്. പകരംവെയ്ക്കാനില്ലാത്ത മാതൃസ്‌നേഹത്തിന്റെ ഒരു ഉണര്‍ത്തുപാട്ടുകൂടിയാണ് ഈ നൃത്താവിഷ്‌കാരം.

മഹാകവി ഭാരതിയാരുടെ ‘ചിന്നഞ്ചിറു കിളി…’യെന്നു തുടങ്ങുന്ന കാവ്യത്തിനാണ് നവ്യ നൃത്താവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്. ചിന്നഞ്ചിറുകിളിയെ എന്ന ഈ നൃത്താവിഷ്‌കാരത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു.