ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ സിനിമകളില്‍ ഒന്നാമതെത്തി ‘ഒടിയന്‍’

November 21, 2018

ഏറ്റവും പ്രതീക്ഷ ഉണര്‍ത്തുന്ന ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ‘ഒടിയന്‍’ ഒന്നാമതെത്തി. പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ ട്രെന്‍ഡിങ് പട്ടികയിലാണ് ‘ഒടിയന്‍’ ഒന്നാമതെത്തിയത്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നതുകൊണ്ടുതന്നെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ റേറ്റിങില്‍ നാലാം സ്ഥാനത്തായിരുന്നു ‘ഒടിയന്‍’. രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘2.0’ ആയിരുന്നു മുന്നില്‍. പുതിയ കണക്കുകള്‍ പ്രകാരം ‘2.0’ യെയും ഷാരൂഖ് ഖാന്‍ മൂന്നടി പൊക്കത്തില്‍ എത്തുന്ന ‘സീറോ’യെയും പിന്നിലാക്കിയാണ് ‘ഒടിയന്‍’ ഒന്നാമതെത്തിയത്.

വി എ ശ്രീകുമാര്‍ മേനോന്‍ ആണ് ‘ഒടിയ’ന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മോഹന്‍ലാലിന്റെ ഏറെ വിത്യസ്തമായ രണ്ട് ഗെറ്റപ്പുകളും തകര്‍പ്പന്‍ ആക്ഷന്‍സും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഒടിന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലറിലെ ആക്ഷനുകള്‍ക്കും ഡയലോഗുകള്‍ക്കുമെല്ലാം നിറഞ്ഞുകൈയടിക്കുന്നുണ്ട് കാഴ്ചക്കാര്‍. ട്രെയിലറിലെ ഈ മികവ് ചിത്രത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്

ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.