‘ഒരു യമണ്ടൻ പ്രേമകഥ’യുടെ സെറ്റിലെ പുതിയ വിശേഷങ്ങൾക്കൊപ്പം ചിത്രങ്ങളും പങ്കുവെച്ച് ദുൽഖർ…

November 20, 2018

ദുൽഖർ സൽമാനെ നായകനാക്കി ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി രംഗത്തെത്തുകയാണ് മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാൻ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം യമണ്ടൻ പ്രേമകഥയുടെ ലൊക്കേഷനിൽ എത്തിയ ദുൽഖറിന്റെ പുതിയ വിശേഷങ്ങൾ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

സലിം കുമാർ, വിഷ്ണു, സൗബിൻ എന്നിവർക്കൊപ്പം ചിത്രത്തിലുള്ള മറ്റൊരു പുതിയ കൂട്ടുകാരനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ദുൽഖർ ആരാധകർക്ക് മുന്നിൽ പങ്കുവെക്കുന്നത്. ചിത്രത്തിന്റെ സഹായത്തിനായെത്തിയ ബോട്ടുകാരനെക്കുറിച്ചാണ് ദുൽഖർ പറയുന്നത്. സ്പുടിനിക് എന്നാണ് പുതിയ സുഹൃത്തിന്റെ പേര്. ഇതൊരു ഐതിഹാസിക പേരാണെന്നും റഷ്യ സ്പുട്നിക് എന്ന ബഹിരാകാശ പേടകം നിക്ഷേപിച്ച അതേ വര്ഷം തന്നെ ജനിച്ചച്ചതുകൊണ്ടാണെന്നും അദ്ദേഹത്തിന് ഈ പേരിട്ടതെന്നും ദുൽഖർ ഫേസ്ബുക്കിൽ പങ്കുവെച്ചു.

ദുൽഖർ സൽമാനൊപ്പം സുരാജ് വെഞ്ഞാറമൂടും എത്തുന്നു. സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിലായിരിക്കും സുരാജ് എത്തുന്നത്. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ എന്നിവരുടെ കൂട്ടുകെട്ടിലാണ് യമണ്ടൻ പ്രേമകഥയ്ക്കും തിരക്കഥ ഒരുങ്ങിയിരിക്കുന്നത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ നടനായി മാറിയ ദുൽഖറിന്റെ ഈ വർഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടൻ പ്രേമകഥ’. ദുല്‍ഖറിനൊപ്പം സലീം കുമാർ‍, ധര്‍മജന്‍ ബോള്‍ഗാട്ടി,സൗബിൻ സാഹിർ, രമേശ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. നാദിർഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പി സുകുമാറാണ്.

നിലവിൽ സത്യൻ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രം ‘ഞാന്‍ പ്രകാശനിലാണ്’ നിഖില അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയാക്കിയ ശേഷം നിഖില യമണ്ടന്‍ പ്രേമകഥയില്‍ ജോയിന്‍ ചെയ്യും. അടുത്തിടെ റിലീസായ ‘അരവിന്ദന്റെ അതിഥികളില്‍’ നിഖില വിമലാണ് നായിക. തീവണ്ടി, ലില്ലി എന്നീ രണ്ട് ചിത്രങ്ങളില്‍ സംയുക്ത മേനോനാണ് നായികയായി വേഷമിടുന്നത്.