‘കാലാ’, ‘കബാലി’ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പുതിയ സിനിമയുമായി പാ രഞ്ജിത്ത്.

November 15, 2018

പ്രശസ്‌ത ആദിവാസി സ്വതന്ത്ര സമര നേതാവ് ബിർസ മുണ്ടയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി പ്രശസ്ത സംവിധായകൻ പാ രഞ്ജിത്ത്. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയുടെ സ്വതന്ത്ര സമരത്തിൽ നിർണായക പങ്ക് വഹിച്ച ബിർസ മുണ്ടയുടെ ജീവിതം അതെ തീക്ഷ്ണതയോടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകനും കൂട്ടരും.

കാലാ, കബാലി തുടങ്ങിയ സിനിമകളിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായി പേരെടുത്ത പാ രഞ്ജിത്ത് തന്റെ അടുത്ത ചിത്രം ഒരുക്കുന്നത് ഹിന്ദിയിലാണെന്നതാണ് മറ്റൊരു പ്രത്യേകത. മാജിദ് മജീദിയുടെ ‘ബിയോണ്ട് ദി ക്ലൗഡ്‌സ്’ നിർമ്മിച്ച ശരീൻ മാട്രി കെടിഎ, കിഷോർ അറോറ എന്നിവരാണ് പാ രഞ്ജിത്തിന്റെ പുതിയ ചിത്രം നിർമിക്കുന്നത്.

ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2019 ആദ്യത്തോടെ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുംമറ്റുമുള്ള വിവരങ്ങൾ പുറത്തുവിടുമെന്നും ചിത്രം 2019 അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നും സംവിധായകൻ പാ രഞ്ജിത്ത് പറഞ്ഞു.