രാജ്യാന്തര ചലച്ചിത്രമേള; ‘പേരന്‍പ്’ വീണ്ടും പ്രദര്‍ശിപ്പിക്കും

November 26, 2018

49-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പേരന്‍പ് വീണ്ടും പ്രദര്‍സിപ്പിക്കും. ഡെലഗേറ്റുകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. 27-ാം തീയതിയാണ് ചിത്രത്തിന്റെ രണ്ടാമത്തെ പ്രദര്‍ശനം.

25 ഞായറാഴ്ച പേരമ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. രാത്രി 8.30നാണ് പ്രദര്‍ശനം നടത്തിയത്. വന്‍ സ്വീകാര്യതയാണ് മേളയിലെ പേരന്‍പിന്റെ ആദ്യ പ്രദര്‍ശനത്തിന് ലഭിച്ചത്. മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. റാം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇതിനോടകം തന്നെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ കൈയ്യടി നേടിയ ചിത്രമാണ് ‘പേരന്‍പ്’.

Read More: പുതിയ രൂപത്തിൽ മമ്മൂട്ടി; ഫിലിം ഫെസ്റ്റിവലിൽ തരംഗമായ ‘പേരന്‍പി’ൻറെ ടീസർ കാണാം

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ പതിനേഴാംസ്ഥാനത്ത് ഈ ചിത്രം നേരത്തെഎത്തിയിരുന്നു. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ഈചിത്രം 4,324 വോട്ടുകള്‍ നേടിയാണ് പതിനേഴാം സ്ഥാനം കരസ്ഥമാക്കിയത്.

ചിത്രത്തില്‍ ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനുമായഒരു പിതാവായിട്ടാണ് മമ്മൂട്ടി എത്തുന്നത്.അമുധന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുംസിദ്ദീഖ്,സുരാജ് വെഞ്ഞാറമൂട് എന്നിവരും അഭിനയിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കിയ ചിത്രത്തില്‍തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് തമിഴകത്തുനിന്നും ലഭിക്കുന്നത്. നിരവധി താരങ്ങളും നടന് പ്രശംസകളുമായി രംഗത്തെത്തിയിരുന്നു. ‘മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസ് ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകള്‍’. നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. മമ്മൂട്ടി മികച്ച അഭിനയം കാഴ്ചവെക്കുന്ന ഈ ചിത്രം താരത്തിന് ദേശീയ അവാര്‍ഡ് നേടിക്കൊടുക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.