മലയാളികൾക്ക് സർപ്രൈസ് ഒരുക്കി പീറ്റർ ഹെയ്ൻ; മോഹൻലാൽ പീറ്റർ ഹെയ്ൻ കൂട്ടുകെട്ടിൽ പുതിയ ചിത്രമെത്തുമെന്ന് സൂചന…

പുലിമുരുകൻ എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങളിലൂടെ മലയാളികുടെ പ്രിയങ്കരനായി മാറിയ പീറ്റർ ഹെയ്ൻ മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രത്തിന് വേണ്ടി ഒരുങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസം പീറ്റർ ഹെയ്ന്റെ ഒഫിഷ്യൽ പേജിലൂടെ ആരാധകൻ ചോദിച്ച ചോദ്യത്തിന് പീറ്റർ ഹെയ്ൻ നൽകിയ മറുപടിയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം ചെയ്തുകൂടെ എന്ന ആരാധകന്റെ ചോദ്യത്തിന് അതൊരു സർപ്രൈസ് ആയിരിക്കുമെന്നാണ് പീറ്റർ ഹെയ്ൻ നൽകിയ ഉത്തരം. അതേസമയം മോഹൻലാലിനെ നായകനാക്കി പീറ്റർ ഹെയ്ൻ പുതിയ ചിത്രം സംവിധാനം ചെയ്യുമെന്ന് അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.
അടുത്ത മാസം റിലീസിനൊരുങ്ങുന്ന മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം ‘ഒടിയന്റെ’ സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്യുന്നതും പീറ്റർ ഹെയ്നാണ്. ഇത് തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
Read also: റിലീസിന് മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായി ഒടിയൻ മാണിക്യന്റെ ചിത്രങ്ങൾ
മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയൻ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രമാണ്. ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന മഞ്ജു മോഹൻലാൽ താരജോഡികളുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.