രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ കേരളത്തിന് തകര്‍ച്ച

November 28, 2018

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് തകര്‍ച്ച. ആദ്യ ഇന്നിങ്‌സില്‍ 63 റണ്‍സ് മാത്രമാണ് കേരളം അടിച്ചെടുത്തത്. മറുപടി ബാറ്റിങിനെത്തിയ മധ്യപ്രദേശ് 24 ഓവറില്‍തന്നെ കേരളത്തിന്റെ സ്‌കോര്‍ മറികടന്നിട്ടുണ്ട്. രഞ്ജി ട്രോഫിയിലെ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു കേരളം. എന്നാല്‍ മധ്യപ്രദേശിനെതിരെയുള്ള കേരളത്തിന്റെ പ്രകടനം ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചു.

ആന്ധ്രയ്‌ക്കെതിരെയും ബംഗാളിനെതിരെയും ഒമ്പത് വിക്കറ്റിന് വിജയിച്ചിരുന്നു കേരളം. മധ്യപ്രദേശിനെതിരെയുള്ള മത്സരത്തില്‍ തുടക്കംമുതല്‍ക്കെ കേരളത്തിന് പാളി. മധ്യപ്രദേശിനു വേണ്ടി ആവേശ് ഖാന്‍ നാല് വിക്കറ്റും കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റും മിഹിര്‍ ഹിര്‍വാനി രണ്ട് വിക്കറ്റും വീഴ്ത്തിയതോടെ കേരളത്തിന് തിളങ്ങാന്‍ കഴിഞ്ഞില്ല.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മധ്യപ്രദേശിന്റെ തകര്‍പ്പന്‍ ബൗളിംഗില്‍ പിടിച്ചു നില്‍ക്കാന്‍ കേരളത്തിന് ആയില്ല. മൂന്നുപേര്‍ മാത്രമാണ് റണ്‍സില്‍ രണ്ടക്കം തന്നെ പിന്നിട്ടത്. പതിനാറ് റണ്‍സെടുത്ത വിഷ്ണു വിനോദ്, പതിനാറ് റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍, പത്ത് റണ്‍സെടുത്ത വി എ ജഗദീഷ് എന്നിവര്‍ മാത്രമാണ് കേരളത്തെ അല്‍പമെങ്കിലും പിടിച്ചുനിര്‍ത്തിയത്.