‘ചിൽഡ്രൻസ് പാർക്കൊ’രുക്കി ഷാഫിയും റാഫിയും
കുട്ടികളെ പ്രധാന കഥാപാത്രമാക്കി ഷാഫി- റാഫി കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രമാണ് ‘ചിൽഡ്രൻസ് പാർക്ക്’. പുതുമുഖങ്ങളായ 100 ലധികം കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്.
കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി റാഫി കൂട്ടുകെട്ടിൽ വിരിഞ്ഞ സിനിമയുടെ ചിത്രീകരണം മൂന്നാറിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ പ്രധാനമായും കൊച്ചി, മൂന്നാർ എന്നീ പ്രദേശങ്ങളിലാണ് ചിത്രീകരിക്കുന്നത്.
‘മായാവി’, ‘ടു കൺട്രീസ്’ തുടങ്ങിയ ഹിറ്റ് കോമഡി ചിത്രങ്ങൾക്ക് ശേഷം ഷാഫി- റാഫി കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഷാഫിയുടെ പതിവ് ചിത്രങ്ങളിൽ നിന്നും ലഭിക്കുന്ന ഹ്യുമർ ചിത്രത്തിനുണ്ടാവുമെന്നും എന്നാൽ കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണെങ്കിലും കുറച്ച് സസ്പെൻസുകൾ ചിത്രത്തിനുണ്ടെന്നും സംവിധായകൻ ഷാഫി പറഞ്ഞു.
നിരവധി കുട്ടിത്താരങ്ങൾക്ക് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ദ്രുവൻ, ഷറഫുദീൻ തുടങ്ങിയ താരങ്ങളും ചിത്രങ്ങളിൽ അണിനിരക്കുന്നുണ്ട്.
പുതുമുഖ താരം ബിബിനെ നായകനാക്കി ഷാഫി ചിത്രീകരിച്ച ‘ഒരു പഴയ ബോംബ് കഥ’യ്ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്.