എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനൊപ്പം പാട്ടുപാടി ശങ്കര്‍ മഹാദേവന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

November 3, 2018

സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും കൈയടി നേടുകയാണ് ശങ്കര്‍ മഹാദേവന്‍. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഒരു പാട്ടുകാരനെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ ശങ്കര്‍ മഹാദേവന്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്. ഇരുവരും ഒരുമിച്ച് ആലപിക്കുന്ന ഗാനവും വൈറലാവുകയാണ്.

കൃഷ്ണകുമാര്‍ എന്ന എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെയാണ് ശങ്കര്‍ മഹാദേവന്‍ പരിചയപ്പെടുത്തുന്നത്. യേശുദാസ് ആരാധകനാണ് ഇയാള്‍. യേശുദാസിന്റെ ഗാനമാണ് ഇയാള്‍ ആലപിച്ചതും. ശങ്കര്‍മഹാദേവനും കൃഷ്ണകുമാറിനൊപ്പം പാടുന്നുണ്ട്. കൃഷ്ണകുമാറിന്റെ ഗാനം ശങ്കര്‍ മഹാദേവന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ബിഗ് സല്യൂട്ട്, വിങ് കമാന്‍ഡര്‍ കൃഷ്ണകുമാറിനെ പരിചയപ്പെടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ ഗാനം കേട്ടു നോക്കു’ എന്ന കുറിപ്പോടെയാണ് ശങ്കര്‍ മഹാദേവന്‍ കൃഷ്ണകുമാറിന്റെ ഗാനം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

നേരത്തെയും നിരവധി ഗായകരെ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് ശങ്കര്‍ മഹാദേവന്‍. അടുത്തിടെ ഹോട്ടല്‍ ജീവനക്കാരായ രണ്ട് ഗായകരെയും ശങ്കര്‍ മഹാദേവന്‍ ലോകത്തിനു പരിചയപ്പെടുത്തിയിരുന്നു.

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലിചെയ്തിരുന്ന ശങ്കര്‍ സംഗീതമാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ് അതിലേക്ക് ചുവടുമാറ്റുകയായിരുന്നു. എ.ആര്‍.റഹ്മാനുമായുള്ള ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെ ശങ്കര്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു. ഈ ഗാനത്തിന് ദേശീയ ചലച്ചിത്രപുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. തുടര്‍ന്ന് ‘ബ്രീത്‌ലസ്സ്’ എന്ന സംഗീത ആല്‍ബത്തിലൂടെ ശങ്കര്‍ കൂടുതല്‍ പ്രസിദ്ധനായി. 2007 ല്‍ ‘താരെ സമീന്‍ പര്‍’ എന്ന ചിത്രത്തിലെ ഗാനാലാപനത്തിനും മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ശങ്കറിന് ലഭിച്ചു.