‘ഒടിയനി’ലെ ഗാനം വീണ്ടും ആലപിച്ച് ശ്രേയ ഘോഷാല്‍; വീഡിയോ കാണാം

November 22, 2018

മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഒടിയന്‍’എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കൊണ്ടോരാം കൊണ്ടോരാം…’എന്നു തുടങ്ങുന്ന ഗാനം പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷകപ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ആലാപനം. ഗാനത്തെ ഏറ്റെടുത്ത പ്രക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രേയ ഘോഷാല്‍. ഒടിയനിലെ ഗാനം വീണ്ടും ആലപിച്ചുകൊണ്ടാണ് ശ്രേയ ഘോഷാല്‍ നന്ദി പറഞ്ഞത്. മോഹന്‍ലാലിനൊപ്പം ഒടിയന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രേയ ഗോഷാല്‍ വീഡിയോയില്‍ പറഞ്ഞു. സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ അടക്കം നിരവധിപേരാണ് ശ്രേയ ഘോഷാലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.

എം ജയചന്ദ്രനാണ് ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. മാണിക്യന്റെയും പ്രഭയുടെയും പ്രണയം വിളിച്ചോതുന്നതാണ് ഈ ഗാനം. ഒടിയന്‍ മാണിക്യന്‍ പ്രഭയെക്കുറിച്ച് പറയുന്ന മനോഹരമായ ഒരു ഡയലോഗോടുകൂടിയാണ് ഗാനം ആരംഭിക്കുന്നത്.

വി എ ശ്രീകുമാര്‍ മേനോന്‍ ആണ് ‘ഒടിയ’ന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മോഹന്‍ലാലിന്റെ ഏറെ വിത്യസ്തമായ രണ്ട് ഗെറ്റപ്പുകളും തകര്‍പ്പന്‍ ആക്ഷന്‍സും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഒടിന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലറിലെ ആക്ഷനുകള്‍ക്കും ഡയലോഗുകള്‍ക്കുമെല്ലാം നിറഞ്ഞുകൈയടിക്കുന്നുണ്ട് കാഴ്ചക്കാര്‍. ട്രെയിലറിലെ ഈ മികവ് ചിത്രത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്

ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.