ഇതിഹാസ താരത്തെക്കണ്ട അത്ഭുതത്തിൽ യുവനടൻ; വൈറലായി ഒരു ട്വീറ്റ്
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് തെലുങ്ക് യുവനടൻ സുധീർ ബാബു എഴുതിയ കുറിപ്പ്. ‘യാത്ര’യുടെ സെറ്റിൽ വെച്ചാണ് സുധീർ മമ്മൂട്ടിയെ പരിചയപ്പെടുന്നത്.
‘തന്റെ പ്രായത്തെക്കാൾ സിനിമ പരിചയമുള്ള വ്യക്തിയാണ് മമ്മൂട്ടി. അതുകൊണ്ടു തന്നെ ഒരു ഇതിഹാസത്തെ കാണുന്നതിന് തുല്യമായിരുന്നു അദ്ദേഹത്തെ കണ്ടത്. അദ്ദേഹത്തെ കണ്ട ശേഷം ഒരു നടനെന്ന നിലയിൽ അല്പമെങ്കിലും പക്വത എനിക്ക് കൈവന്നു. അദ്ദേഹത്തിന്റെ സിനിമയെകുറിച്ചുള്ള അറിവിൽ നിന്ന് കുറച്ചെങ്കിലും എനിക്ക് ലഭിച്ചു. ‘ സുധീർ ട്വിറ്ററിൽ കുറിച്ചു.
യാത്രയുടെ സംവിധായകന്‍ മഹി വി രാഘവ് മമ്മൂട്ടിയെക്കുറിച്ച് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ‘യാത്ര’യുടെ ചിത്രീകരണം അവസാനിക്കുന്നതിനു മുന്നോടിയായാണ് സംവിധായകന്‍ മമ്മൂട്ടിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചത്.
‘390-ല്‍ അധികം ചലച്ചിത്രങ്ങള്‍, മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, അറുപതില്‍ അധികം പുതുമുഖ സംവിധായകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍’…. ഇങ്ങനെയാണ് മഹി വി രാഘവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മമ്മൂട്ടി നല്ലൊരു മനുഷ്യനാണെന്നും അതിനുമപ്പുറം വലിയൊരു മാര്‍ഗദര്‍ശിയുമാണെന്നും സംവിധായകന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തെലുങ്കിലാണ് മമ്മൂട്ടി യാത്രയുടെ തിരക്കഥ കേട്ടത്. ഓരോ വാക്കിന്റെയും അര്‍ത്ഥവും അദ്ദേഹം പഠിച്ചു. ഓരോ വാക്കും സ്വന്തം ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്തും അദ്ദേഹം പഠിച്ചുവെന്നും സംവിധായകന്‍ പറയുന്നു. സംഭാഷണത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ഓരോ വരികളും ഡബ്ബ് ചെയ്യുകയും റീ ഡബ്ബ് ചെയ്യുകയും ചെയ്ത നടനാണ് മമ്മൂട്ടിയെന്നും മഹി വി രാഘവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഡിസംബര്‍ 21 ന് ‘യാത്ര‘ തീയറ്ററുകളില്‍ എത്തും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം. അടുത്ത വര്‍ഷമേ ചിത്രം റിലീസ് ചെയ്യൂ എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ വൈ എസ് രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വൈ എസ് ആറിന്റെ മകന്‍ ജഹന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമാണ് ഡിസംബര്‍ 21. ഇക്കാരണത്താലാണ് റിലീസിങ്ങിന് ഡിസംബര്‍ 21 തിരഞ്ഞെടുത്തത്.
His career is older than me ? So, what you do on meeting a LEGEND? You know WHAT THEY DID, you got to know HOW THEY DID ! Feeling a little or more, matured as an actor after I have grasped a fair bit of his knowledge about cinema. @mammukka sir ♥️ #Yatra pic.twitter.com/Btib6sOIQf
— Sudheer Babu (@isudheerbabu) November 9, 2018
ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് വൈ എസ് ആര്‍ കൊല്ലപ്പെട്ടത്. വിജയ് ചില്ലയും ശശി ദേവറെഡ്ഡിയും ചേര്‍ന്നാണ് യാത്രയുടെ നിര്‍മ്മാണം.
നേരത്തെ പുറത്തിറങ്ങിയ യാത്രയിലെ ‘സമര ശംഖം’ എന്നുതുടങ്ങുന്ന ഗാനത്തിന് ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഈ ഗാനം ആലപിച്ചിരിക്കുന്നത് കാലാ ഭൈരവി ആണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത് പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ്. ചിത്രത്തിന്റെ ടീസറിനും രാജ്യമാകെ ആവേശ വരവേല്‍പാണ് ലഭിച്ചത്.
സുഹാസിനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹൈദരാബാദില്‍ ആരംഭിച്ച ഷൂട്ടിങ്ങില്‍ മമ്മൂട്ടിയെ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഒരു കാലത്തെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികള്‍ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.