‘നെഞ്ചിനുള്ളിലാകെ…’; ‘തട്ടുംപുറത്ത് അച്യുതനി’ലെ ആദ്യ ഗാനം

November 3, 2018

മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നെഞ്ചിനുള്ളിലാകെ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസനും രാധികാ നാരയണനും ചേര്‍ന്നാണ് ആലാപനം. അനില്‍ പനച്ചൂരാന്റേതാണ് വരികള്‍.

ലാല്‍ ജോസാണ് ‘തട്ടുംപുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ ജോസ് പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതും.

ഡിസംബറില്‍ ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. കുഞ്ചാക്കോ ബോബന്‍ ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ക്ക് ഒട്ടേറെ നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരുന്നു. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്നീ ചിത്രങ്ങള്‍ ലാല്‍ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ്.

എം സിന്ധുരാജാണ് ഈ രണ്ട് ചിത്രത്തിനും തിരക്കഥ ഒരുക്കിയത്. എം സിന്ധുരാജ് തന്നെയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഷെബിന്‍ ബക്കറാണ് ‘തട്ടുംപുറത്ത് അച്യുതന്‍‘ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഹാസ്യവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

‘തട്ടുംപുറത്ത് അച്യുതന്‍’ എന്ന ചിത്രത്തില്‍ പുതുമുഖ താരം ശ്രാവണയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ബിജു സോപാനം, ഇര്‍ഷാദ്, അനില്‍ മുരളി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.