വിജയക്കുതിപ്പിൽ വിജയ്‌യുടെ ‘സർക്കാർ’; ചിത്രം 200 കോടിയിലേക്കെന്ന് റിപ്പോർട്ടുകൾ

November 11, 2018

തമിഴകത്തിന്റെ സ്വന്തം ഇളയ ദളപതി വിജയ് നായകനായി എത്തിയ പുതിയ ചിത്രം നിരവധി വിവാദങ്ങൾ നേരിട്ടെങ്കിലും വിജയക്കുതിപ്പിൽ മുന്നേറികൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ ആർ മുരുഗദോസാണ്.

ഇളയ ദളപതി ചിത്രത്തിന്റെ റിലീസിംഗ് കഴിഞ്ഞ ദീപാവലി ദിനത്തിലായിരുന്നു. ഏറെ നാളുകളായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രം തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമായി മികച്ച പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് നാലു ദിവസം പിന്നിട്ടപ്പോൾ 150 കോടിയിലധികം രൂപ കളക്ഷൻ നേടിയിരിക്കുകയാണ്.

ലോകമെമ്പാടുമായി 3000-ൽ അധികം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാമത്തെ ദിവസം തന്നെ 100 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു. വിജയ്‍ ചത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ‘മെർസിലി’ന്റെയും  ‘തെറി’യുടെയും  റെക്കോർഡുകൾ തകർത്ത ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 200 കോടി കടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

എആര്‍ റഹ്മാനാണ് ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷകപ്രതികരണമാണ് ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്.