‘ഗജ ചുഴലിക്കാറ്റ്’ ദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി വിജയ് സേതുപതി

November 20, 2018

തമിഴകത്ത് മാത്രമല്ല മലയാളികള്‍ക്കിടയില്‍പോലും നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ‘മക്കള്‍ സെല്‍വന്‍’ എന്നാണ് തമിഴകത്തെ ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നതു പോലും. അടുത്തിടെ പുറത്തിറങ്ങിയ ’96’ എന്ന ചിത്രത്തില്‍ വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. തീയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു ഈ ചിത്രത്തിന്. ഇപ്പോഴിതാ വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും യഥാര്‍ത്ഥ നായകനായി മാറുകയാണ് വിജയ് സേതുപതി.

കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ത്തുവീശിയ ഗജ ചുഴലിക്കാറ്റ് തമിഴകത്ത് കനത്ത നാശം വിതച്ചിരുന്നു. ചുഴലിക്കാറ്റ് ദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി. ദുരിത ബാധിതര്‍ക്കായി 25 ലക്ഷം രൂപ സംഭാവന ചെയ്തു താരം.

തമിഴനാട്ടിലെ രാമനാഥപുരം, പുതുക്കോട്ടൈ, കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടിണം, തിരുവാരൂര്‍ തുടങ്ങിയ മേഖലകലിലാണ് ഗജ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. കൃഷിനാശമടക്കം നിരവധിപേര്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ ചുഴലിക്കാറ്റില്‍ സംഭവിച്ചു. വിവിധ ഇടങ്ങളിലായി 45 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.