പാട്ടും പാടി കല്യാണത്തിന് തയാറാകുന്ന വിജയ ലക്ഷ്മി; വീഡിയോ കാണാം…

November 1, 2018

മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയ ലക്ഷ്മിയുടെ പാട്ടുപോലെ തന്നെ ആരാധകർ ഏറ്റെടുത്ത ഒന്നായിരുന്നു വിജയ ലക്ഷ്മിയുടെ വിവാഹവും. കഴിഞ്ഞ ഒക്ടോബർ 22 ന് വൈക്കം മഹാദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു വൈക്കത്തിന്റെ സ്വന്തം ഗായികയുടെ വിവാഹവും നടന്നത്. പാട്ടും പാടി വന്ന് മലയാളികളുടെ മനം കവർന്ന വിജയ ലക്ഷ്മിയുടെ വിവാഹ തലേന്നുള്ള വീഡിയോയും വിജയ ലക്ഷ്മിയുടെ പാട്ടുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘സ്വപ്‍ന സുന്ദരി നാൻ..’ എന്ന മനോഹര ഗാനമാണ് വിജയ ലക്ഷ്മി കല്യാണ തലേന്ന് പ്രിയപ്പെട്ടവർക്കായി പാടിയത്. വിജയ ലക്ഷ്മിയുടെ പാട്ടിനൊപ്പം നിരവധി ഗായകരും വിവാഹത്തിന്റെ തലേ ദിവസം ഒരുക്കിയ പരുപാടിയിൽ പാടിയിരുന്നു. ഇതിനൊപ്പം വിജയ ലക്ഷ്മിക്ക് മൈലാഞ്ചി ഇടുന്ന പ്രിയപ്പെട്ടവരെയും കല്യാണ ഒരുക്കങ്ങളും വിവാഹ വീഡിയോയിൽ കാണുന്നുണ്ട്.

വിജയ ലക്ഷ്മിക്ക് കൂട്ടായി എത്തിയത് മിമിക്രി കലാകാരനായ അനൂപാണ്. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരയണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകൻ അനൂപാണ്  ജയലക്ഷ്മിയുടെ കഴുത്തിൽ താലിചാർത്തിയത്. വിജയ ലക്ഷ്മിയുടെ പാട്ടുകളെ ഏറെ സ്നേഹിച്ചിരുന്ന അനൂപ് തന്റെ ഇഷ്ടം വിജയ ലക്ഷ്മിയോട് പറയുകയായിരുന്നു. ഇതിന് വിജയ ലക്ഷ്മി സമ്മതം മൂളിയതോടെ ഇരുവരുടെയും ബന്ധുക്കൾ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. സിനിമ മാധ്യമ രംഗത്തെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

‘സെല്ലുലോയിഡ്’ എന്ന ചിത്രത്തിലെ ”കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്” എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വിജയലക്ഷ്മി പിന്നീട് നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. സെല്ലുലോയിഡിലെ ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം കരസ്ഥമാക്കിയ താരം ”ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ ..”എന്ന ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടി. പിന്നീട് നിരവധി വേദികളിൽ സംഗീതത്തിന്റെ മാധുര്യവുമായി എത്തിയ വിജയലക്ഷ്മി മലയാളത്തിന്റെ പ്രിയ ഗായകരിൽ ഒരാളായി മാറുകയായിരുന്നു.