ചരിത്രത്താളുകളിലെ കറുത്ത ദിനങ്ങൾ സിനിമയാകുന്നു; നായകന്മാരായി പൃഥ്വിയും ടൊവിനോയും
ചരിത്രത്താളുകളിലെ ഇരുണ്ട അധ്യായമായിരുന്നു വാഗൻ ട്രാജഡി. വാഗൻ ട്രാജഡിയുടെ നടുക്കുന്ന ഓർമ്മകൾ വെള്ളിത്തിരയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ റജി നായർ. മലയാളത്തിലെ പ്രമുഖ യുവനടന്മാരായ പൃഥ്വിരാജ് ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് പുതിയ ചിത്രം നിർമ്മിക്കുന്നത്.
കലികാലം എന്ന സിനിമയാണ് റജി സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ‘പട്ടാളം’, പൃഥ്വിരാജ് ഇന്ദ്രജിത്ത് താരങ്ങൾ തകർത്തഭിനയിച്ച ‘ഒരുവൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ റജി പുതിയ ചിത്രവുമായി രംഗത്തെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇരുണ്ട അധ്യായമായിരുന്നു വാഗണ്‍ ട്രാജഡി. 1921-ലെ മാപ്പിള ലഹളയെത്തുടർന്ന് നവംബർ 19-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്.