മമ്മൂട്ടിയുടെ ‘യാത്ര’ തിയേറ്ററുകളിലേക്ക് ; ആവേശത്തോടെ ആരാധകർ

November 12, 2018

മലയാളികളുടെ സ്വന്തം മമ്മൂക്ക നായകനായി എത്തുന്ന തെലുങ്ക് ചിത്രം ‘യാത്ര’യെ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് ഡിസംബർ 21നാണ്. കേരളത്തിലും പ്രദർശനത്തിനെത്തുന്ന ചിത്രം തമിഴിലായിരിക്കും കേരളത്തിലെത്തുകയെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്. യാത്രയുടെ കേരളത്തിലെ റിലീസ് ഏറ്റെടുത്തിരിക്കുന്നത് നിർമ്മാതാവ് ആന്റോ ജോസഫാണ്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ വൈ എസ് രാജശേഖരറെഡ്ഡിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത് പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ്. യാത്രയുടേതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകൾക്കും രാജ്യമാകെ ആവേശ വരവേല്‍പാണ് ലഭിച്ചത്.

മലയാളികളുടെ പ്രിയങ്കരി പഴയ കാല നായിക സുഹാസിനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരു കാലത്തെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികള്‍ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 80, 90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന ഇരുവരും നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി  കാത്തിരിക്കുന്നത്.

അതേസമയം ഹൈദരാബാദില്‍  ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചും മമ്മൂട്ടി എന്ന അഭിനയ പ്രതിഭയോടൊപ്പമുള്ള അനുഭവത്തെക്കുറിച്ചും സംവിധായകനും ചിത്രത്തിലെ നടന്മാരുമടക്കമുള്ളവർ വളരെ ആവേശത്തോടെയാണ് ആരാധകരുമായി പങ്കുവെച്ചത്.