ട്രെയിലര്‍ പോലെ സൂപ്പര്‍ ഹിറ്റ്; ‘സീറോ’യിലെ ആദ്യ ഗാനവും; വീഡിയോ കാണാം

November 7, 2018

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയതാരം ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീറോ’. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ‘വോയ്‌സ് ഓഫ് സീറോ’ എന്ന കുറിപ്പോടുകൂടിയാണ് ഗാനം യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് ഇരുപത് ലക്ഷത്തിലധികം ആളുകള്‍ ഗാനം കണ്ടുകഴിഞ്ഞു.

എ.ആര്‍. റഹ്മാന്‍, ക്ലിന്റന്‍ സെറേജോ, ഷാന്‍, വിദ്യ വോക്‌സ് എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിക്കുന്നത്. ഏആര്‍ റഹ്മാന്റെയും ഷാരൂഖ് ഖാന്റെയും ആരാധകര്‍ ഒന്നടങ്കം ഗാനം ഏറ്റെടുത്തിരിക്കുകയാണ്. ഷാരൂഖ് ഖാനെയും എആര്‍ റഹ്മാനെയും മറ്റ് ഗായകരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗാനം ദൃശ്യവല്‍കരിച്ചിരിക്കുന്നത്. സിനിമയിലെ ഭാഗങ്ങള്‍ ഒന്നുംതന്നെ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു . മൂന്നടി പൊക്കത്തിലുള്ള കഥാപാത്രമായ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ എത്തുന്നു എന്നതാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം.

ബൗവാ സിംഗ് എന്നാണ് ‘സീറോ’യില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നാലു മുനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഒരു ദിവസംകൊണ്ട് രണ്ട് കോടിയിലധികം പേരാണ് കണ്ടത്. ‘സീറോ’ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും.

ആനന്ദ് എല്‍ റായ് ആണ് സീറോയുടെ സംവിധാനം. ‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിന് ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീറോ’. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ, മാധവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കത്രീനയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമുള്ള ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രമായിരിക്കും ഷാരൂഖ് ആനന്ദന് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം.