പഴയ എടിഎം കാർഡ് നിരോധനം; ആശങ്ക തീരാതെ ജനങ്ങൾ, വ്യക്തതയില്ലാതെ ബാങ്ക് അധികൃതർ

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴയ രീതിയിലുള്ള എടിഎം കാര്‍ഡുകളുടെ സമയപരിധി ഇന്ന് അവസാനിക്കവേ ആശങ്ക തീരാതെ ജനങ്ങളും ബാങ്ക് അധികൃതരും. ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്നതിനാൽ പുതിയ തീരുമാനവുമായി റിസർവ് ബാങ്ക് രംഗത്ത് എത്തിയിരുന്നു. മാഗ്നെറ്റിക് സ്ട്രെപ് എടിഎം കാര്‍ഡുകള്‍ക്ക് ജനുവരി ഒന്നുമുതല്‍ നിരോധനം ഏർപ്പെടുത്തുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരുന്നത്.
ഡിസംബര്‍ 31 മുതല്‍ മാഗ്നെറ്റിക് സ്ട്രെപ് എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. മറിച്ച് യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വിസ (ഇം.എം.വി) ചിപ്പുള്ള പിന് അധിഷഠിത എടിഎം കാര്‍ഡുകള്‍ മാത്രമേ 2019 ജനുവരി മുതല്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അതേസമയം നിലവിലുള്ള മാഗ്നറ്റിക് സ്ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്കാന് റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനോടകംതന്നെ നിരവധി ബാങ്കുകള്‍ പഴയ എടിഎം കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള പുതിയ കാര്‍ഡുകള്‍ നല്‍കിയിട്ടുമുണ്ട്.
അതേസമയം മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് ചിപ്പ് വച്ച കാര്‍ഡിലേക്ക് ഇനിയും ലക്ഷക്കണക്കിന് ഇടപാടുകാര്‍ മാറിയിട്ടില്ല. അതിനാൽ നാളെ മുതല്‍ ഈ കാര്‍ഡുകള്‍ ഉപയോഗശൂന്യമാകുമോ എന്ന ചോദ്യത്തിന് ബാങ്കുകള്‍ക്കും വ്യക്തമായ മറുപടിയില്ല. മാഗ്നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ മാറ്റി ഇടപാടുകാരുടെ സുരക്ഷയ്ക്കായി ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചത് റിസര്‍വ് ബാങ്കാണ്. ഇതിന് അനുവദിച്ച സമയപരിധി ഇന്ന് തീരുമെന്നിരിക്കെ പലർക്കും ഇതിനെപ്പറ്റി അറിവ് പോലുമില്ല എന്നതാണ് വാസ്തവം.
Read also: ഡിസംബർ 31ന് ശേഷം പഴയ എടിഎം കാർഡുകൾ പ്രവർത്തിക്കില്ല..